മികച്ച നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങൾ
ഇൻകം ടാക്സ് ആക്ട് 80 സി പ്രകാരം ചില നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അത് കൊണ്ട് തന്നെ നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നിക്ഷേപങ്ങൾ ഉള്ളവർക്ക് 1.5 ലക്ഷം വരെ ഇളവ് ലഭിയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ ആളുകൾക്ക് മുന്നും പിന്നും നോക്കാതെ അതിലേയ്ക്ക് എടുത്ത് ചാടാൻ ഒരു പ്രവണത ഉണ്ട്. നിക്ഷേപകരിലധികവും നിക്ഷേപിയ്ക്കാൻ വേണ്ടി നിക്ഷേപിയ്ക്കുന്നവരാണ്. അവർ ആദായത്തെക്കാൾ പ്രാധാന്യം നല്കുന്നത് മിച്ചം വെയ്ക്കുന്നതിനാണ്. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ ശ്രമിയ്ക്കുന്നത് നികുതിയിളവിന് സഹായിയ്ക്കുന്നതും അതേ സമയം പ്രയോജനകരവുമായ നിക്ഷേപങ്ങളെ കുറിച്ചാണ്.
ലൈഫ് ഇൻഷുറൻസ്
- 80 സി പ്രകാരം ഒരു സാമ്പത്തിക വർഷം ലൈഫ് ഇൻഷുറൻസ് പോളിസിയ്ക്കായി അടയ്ക്കുന്ന പ്രീമിയം നികുതിയിളവിന് അർഹമാണ്.
- ഇൻഷുറൻസ് പോളിസികൾ നിക്ഷേപം എന്നതിലുപരി മിച്ചം വെയ്ക്കലായും പ്രതിരോധമായും കരുതുന്നവർക്ക് ഏറെ അഭികാമ്യം
- ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ലാഭം വേണമെന്ന് ആഗ്രഹിയ്ക്കുന്നവർക്ക് യോജിച്ചതല്ല
- വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചുള്ളതും പരമാവധി ലാഭം നൽകുന്നതുമായ യൂണിറ്റ് ലിങ്ക് പോളിസികൾ നല്ലതാണ്.
പ്രൊവിഡണ്ട് ഫണ്ട്
- ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാർ എംപ്ലോയീ പ്രൊവിഡൻറ് ഫണ്ടിലേയ്ക്ക് അടയ്ക്കുന്ന തുക നികുതിയിളവിന് അർഹമാണ്.
- സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പബ്ലിക് പ്രൊവിഡൻറ് ഫണ്ടിൽ 15 വർഷത്തേയ്ക്ക് നിക്ഷേപിയ്ക്കാം
- ഇ പി എഫ് അല്ലെങ്കിൽ പി പി എഫ് ൽ നിന്ന് കിട്ടുന്ന തുക ഉദ്യോഗാനന്തര ജീവിതത്തിൽ ഏറെ ഗുണം ചെയ്യും
- വിദേശത്ത് താമസിയ്ക്കുന്ന ഇന്ത്യക്കാർക്ക് പ്രൊവിഡൻറ് ഫണ്ടിൽ നിക്ഷേപിയ്ക്കാൻ കഴിയില്ല. എന്നാൽ എൻ ആർ ഐ ആകുന്നതിന് മുൻപ് നിക്ഷേപിയ്ക്കാൻ തുടങ്ങിയവർക്ക് അത് 15 വർഷം തുടരാം
ഇ എൽ എസ്സ് എസ്സ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം
- 3 വർഷത്തെ ലോക്ക് ഇൻ പീരീഡ് ഉള്ള മ്യൂച്ച്വൽ ഫണ്ട് സ്കീം നികുതിയിളവിന് അർഹമാണ്.
- നികുതി ആസൂത്രണത്തിനും നിക്ഷേപത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നവർക്ക് ഏറെ അനുയോജ്യമാണ് ഇത്. കാരണം, ഇതിൽ നിന്നുള്ള ആദായം വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചാണ്.
- നിക്ഷേപകർ ഇതിൽ നിന്നുള്ള ആദായം കൈപ്പറ്റുമ്പോൾ അതിന് 10 ശതമാനം നികുതി നൽകണം.
നികുതിയിളവിന് അർഹതയുള്ള മറ്റു നിക്ഷേപങ്ങൾ
- വീട് വായ്പ്പ: വീട് വായ്പ്പ തിരിച്ചടക്കുമ്പോൾ മൂലധനത്തിലേയ്ക്ക് അടയ്ക്കുന്ന പണം നികുതിയിളവിന് അർഹമാണ്.
- നാഷണൽ സേവിങ്സ് സ്കീം: ഒരു സർക്കാർ സേവിങ്സ് സ്കീം. ഇതിന് നികുതിയിളവുണ്ടെന്ന് മാത്രമല്ല നല്ല പലിശ നിരക്കിൽ മികച്ച ആദായവും ലഭിയ്ക്കും.
- വിദ്യാഭ്യാസത്തിനുള്ള പണം: വിദ്യാഭ്യാസത്തിനുള്ള പണത്തിന് നികുതിയിളവ് ലഭിയ്ക്കും
- സ്ഥിര നിക്ഷേപം: 5 വർഷത്തെ ലോക്ക് ഇൻ പിരീഡ് ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നികുതിയിളവുണ്ട്
- സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്ക് വേണ്ടിയുള്ള സേവിങ്സ് സ്കീമുകൾക്ക് നികുതിയിളവുണ്ട്.
നികുതിയിളവിന് അർഹതയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിച്ച് തൻറെ ആദായ നികുതിയിൽ ഇളവ് വരുത്താനുള്ള എല്ലാ അവകാശവും ഒരു നികുതിദായകനുണ്ട്. എന്നാൽ ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ആദായം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാൽ ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് ഇളവുള്ളത് എന്ന് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്.