Blog Malayalam

ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിയ്ക്കാം ?

ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിയ്ക്കാം

ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. സുലഭമായി ലഭിയ്ക്കുമെന്നത് കൊണ്ട് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഒന്ന് സ്വന്തമാക്കാം, കൂടെ പ്രലോഭിപ്പിയ്ക്കുന്ന ഓഫറുകളും ഉണ്ടാകും.  ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ അടിയന്തര സന്ദർഭങ്ങളിൽ ഉള്ള സാമ്പത്തിക ആവശ്യങ്ങളെ മറി കടക്കാൻ ക്രെഡിറ്റ് കാർഡ് നിങ്ങളെ സഹായിയ്ക്കും. എന്നാൽ നിരുത്തരവാദമായ ഉപയോഗം അനാവശ്യ സാമ്പത്തിക പ്രതിസന്ധികൾ ജീവിതത്തിൽ സൃഷ്ടിയ്ക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുന്നതിന് മുൻപ് അതിൻറെ വ്യവസ്ഥകളും നിബന്ധനകളും അറിഞ്ഞിരിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ ഇവിടെ പ്രതിപാദിയ്ക്കാൻ പോകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.

ക്രെഡിറ്റ് കാർഡ് നിരക്കുകളെ കുറിച്ച് ബോധവാന്മാരാകുക

ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുമ്പോൾ അതോടൊപ്പം പുറമേയ്ക്ക് വ്യക്തമല്ലാത്ത നിരക്കുകൾ ഉണ്ടാകും.  ആനുവൽ മൈന്റെനൻസ് ചാർജ്, ലേറ്റ് ഫീ ചാർജ്, ട്രാൻസാക്ഷൻ ചാർജ് എന്നിവ അവയിൽ ചിലതാണ്. ഇതിനെ കുറിച്ചെല്ലാം വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ കാർഡ് ഉപയോഗിച്ച് തുടങ്ങാവൂ

നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിന് അനുസരിച്ചുള്ള തുകയ്ക്ക് മാത്രം കാർഡ് ഉപയോഗിയ്ക്കുക

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുമ്പോൾ ഉപഭോക്താവിന്‌ അയാളുടെ വരുമാനത്തിനനുസരിച്ച്‌ ക്രെഡിറ്റ് ലിമിറ്റ് ലഭിയ്ക്കും. തൊഴിലിൽ 10-15 വർഷത്തെ അനുഭവസമ്പത്ത് ഉള്ള, അല്ലെങ്കിൽ കൃത്യമായി ക്രെഡിറ്റ് പേമെൻറ് നടത്തുന്ന ഒരാളുടെ ക്രെഡിറ്റ് ലിമിറ്റ് ബാങ്കുകൾ കൂട്ടും. ആയതിനാൽ നിങ്ങൾക്ക്‌ തിരിച്ചടയ്ക്കാൻ കഴിയുന്ന തുകയേ ക്രെഡിറ്റ് കാർഡ് വഴി ചെലവാക്കാവൂ.

ക്രെഡിറ്റ് ലിമിറ്റിൻറെ 50 ശതമാനം മാത്രം ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുക

നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിൻറെ 40 – 50 ശതമാനം മാത്രം ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് 1 ലക്ഷമാണെങ്കിൽ 50,000 മാത്രം ചെലവഴിയ്ക്കുക. മാസാദ്യം തന്നെ മുഴുവൻ തുകയും ഉപയോഗിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കോ മാസാവസാനമോ ഏതെങ്കിലും വിധത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിയ്ക്കും.

ഒരു എമർജൻസി ഫണ്ട് പോലെ ഉപയോഗിയ്ക്കുക

ആശുപത്രി വാസം, മറ്റ് ഏതെങ്കിലും അത്യാവശ്യങ്ങൾ തുടങ്ങി അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിയ്ക്കാനുള്ള എമർജൻസി ഫണ്ട് ആയി ക്രെഡിറ്റ് കാർഡ് കരുതി വെയ്ക്കുക. മുകളിൽ പറഞ്ഞത് പോലെ ക്രെഡിറ്റ് ലിമിറ്റിൻറെ 50 ശതമാനം കരുതി വെച്ചാൽ പല അത്യാവശ്യ സന്ദർഭങ്ങളിലും ഗുണം ചെയ്യും.

ചെലവുകൾ ആസൂത്രണം ചെയ്യുക

ക്രെഡിറ്റ് കാർഡ് കൈവശം ഉണ്ടെങ്കിൽ പണമായി കയ്യിലില്ലെങ്കിലും ഒരു ഉൽപന്നം വാങ്ങാൻ ഉപഭോക്താവിന് ആത്മവിശ്വാസം കൂടും. ഇത് ധന വിനിയോഗം കൂട്ടും. കൃത്യമായി ആസൂത്രണം ചെയ്തു വാങ്ങുന്ന ഉല്പന്നങ്ങൾക്കല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കാതിരിയ്ക്കുക. ഉദാഹരണത്തിന് മാസം പലവ്യഞ്ജനം വാങ്ങാനോ വാഹനത്തിൽ പെട്രോൾ അടിയ്ക്കാനോ ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കാം.

ക്രെഡിറ്റ് കാർഡ് തുക തിരിച്ചടയ്ക്കൽ തിയ്യതി തെറ്റിയ്ക്കാതിരിയ്ക്കുക

ക്രെഡിറ്റ് കാർഡ് തുക നിശ്ചിത സമയത്ത് തന്നെ തിരിച്ചടയ്ക്കാൻ ശ്രദ്ധിയ്ക്കുക. തിരിച്ചടയ്ക്കാൻ വൈകിയാൽ പിഴയായി കുടിശ്ശിക ബില്ലിൽ 2 – 4 ശതമാനം വരെ പലിശ ഈടാക്കും. പ്രതി വർഷം കുടിശ്ശിക തുകയുടെ 24 ശതമാനം നൽകുന്നത് ഓർത്തു നോക്കൂ, തുകയടയ്‌ക്കേണ്ട തിയ്യതി നിങ്ങളൊരിയ്ക്കലും തെറ്റിയ്ക്കില്ല. ഒരു നിശ്ചിത തുകയടച്ചാൽ പലിശയൊഴിവാക്കാം എന്നൊരു ധാരണ ആളുകൾക്കുണ്ട്. ഇത് ശരിയല്ല. ബാക്കി തുകയ്ക്ക് പലിശ ഈടാക്കുക തന്നെ ചെയ്യും. തുകയടയ്ക്കാനുള്ള ഒരു സാഹചര്യത്തിലല്ല നിങ്ങളെങ്കിൽ ക്രെഡിറ്റ് ക്യാർഡിന്റെ ഇ എം ഐ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് അവസാന വഴി ആയി മാത്രമേ ഉപയോഗിയ്ക്കാവൂ, കാരണം ഈ സൗകര്യത്തോടൊപ്പം ലേറ്റ് ഫീ യും പ്രോസസ്സിംഗ് ഫീ യും ഈടാക്കും.

അനാവശ്യ ചെലവുകൾക്കായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിയ്ക്കുകയും അടിയന്തര സന്ദർഭങ്ങളിലെ സാമ്പത്തികാവശ്യങ്ങൾക്കായി അവ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്രെഡിറ്റ് കാർഡ് കയ്യിലുള്ളവർ എടുക്കേണ്ട ഏറ്റവും ബുദ്ധിപൂർവ്വമായ തീരുമാനം.

Blog Malayalam

എന്താണ് സുകന്യ സമ്യദ്ധി യോജന ?

എന്താണ് സുകന്യ സമ്യദ്ധി യോജന? എങ്ങനെ ചേരാം?

പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കൾക്കും അറിയാൻ ഏറെ താല്പര്യമുള്ള ഒരു വിഷയമാകും സുകന്യ സമ്യദ്ധി യോജന. പെൺകുട്ടികളുടെ വിവാഹാവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കുമായി ഭാരത സർക്കാർ 2015 ൽ തുടങ്ങിയ ഒരു പദ്ധതിയാണിത്. ഇന്ന് മ്യൂച്ച്വൽ ഫണ്ട് അടക്കം ഏറെ നിക്ഷേപങ്ങൾ വിപണിയിലുണ്ടെങ്കിലും സർക്കാരിൻറെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു പദ്ധതി ആയതിനാൽ ആദായത്തിൻറെ കാര്യത്തിൽ മറ്റൊന്നിനും നല്കാനാവാത്ത ഉറപ്പ് സുകന്യ സമ്യദ്ധി യോജന നൽകുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ മാസം തോറും 500 രൂപ നീക്കി വെയ്ക്കുന്നു എന്ന് കരുതുക, വർഷം 6000 രൂപ പദ്ധതിയിൽ നിക്ഷേപിയ്ക്കാം. മാസം തോറും 6000 രൂപ നീക്കി വെച്ചാൽ വർഷത്തിൽ 24,000 രൂപ നിക്ഷേപിയ്ക്കാം. ഇത് കൊണ്ടൊക്കെ തന്നെ പെൺകുട്ടികളുടെ മാതാപിതാക്കൾ ഒരിയ്ക്കലും വിട്ടു കളയാൻ പാടില്ലാത്ത ഒരു നിക്ഷേപം ആണ് ഇത്.  ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഈ പദ്ധതിയുടെ പ്രത്യേകതകളെ കുറിച്ചും അതിൽ ചേരുമ്പോൾ പാലിയ്ക്കേണ്ടതായ നടപടി ക്രമങ്ങളെ കുറിച്ചുമാണ്.

  • പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ ഈ പദ്ധതിയിൽ നിക്ഷേപിയ്ക്കാനാവൂ.
  • ഒരു കുടുംബത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ ഇതിൽ നിക്ഷേപിക്കാനാവൂ. നിങ്ങൾക്ക് ഇരട്ടക്കുട്ടികളാണെങ്കിൽ അതിന് ഉതകുന്ന വിധമുള്ള തെളിവുകൾ ഹാജരാക്കിയാൽ രണ്ടിൽ കൂടുതൽ കുട്ടികൾക്കായി നിക്ഷേപിയ്ക്കാം
  • പെൺകുട്ടികൾ 10 വയസ്സാകുന്നതിന് മുൻപ് പദ്ധതിയിൽ ചേരണം. നിക്ഷേപിച്ച്‌ തുടങ്ങുന്ന പ്രായം തൊട്ട് കുട്ടിയ്ക്ക് 14 വയസ്സാവുന്നത് വരെ നിക്ഷേപിയ്ക്കാം. കുട്ടിയ്ക്ക് 21 വയസ്സാകുമ്പോൾ സർക്കാർ നിശ്ചയിച്ച പലിശ നിരക്കിൽ നിക്ഷേപ തുക ലഭിയ്ക്കും.
  • വർഷം ചുരുങ്ങിയത് 250 രൂപയെങ്കിലും പദ്ധതിയിൽ നിക്ഷേപിച്ചിരിയ്ക്കണം. നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കൂടിയ തുക 1.5 ലക്ഷം രൂപയാണ്.
  • ആദായ നികുതിയിളവ് ലഭിയ്ക്കും എന്നത് സുകന്യ സമൃദ്ധി യോജനയുടെ മറ്റൊരു പ്രത്യേകത ആണ്. അതായത്, ആദായ നികുതി സെക്ഷൻ 80 സി യുടെ ആനുകൂല്യം ഇതിനുണ്ട്.
  • ഈ പദ്ധതിയിൽ നിന്നുള്ള ആദായത്തെയും നികുതിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

എങ്ങനെ ചേരാം

പോസ്റ്റ് ഓഫീസ്, ഓൺലൈൻ പോർട്ടലുകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ നാഷനലൈസ്‌ഡ്‌ ബാങ്കുകൾ – ഇവയിൽ ഏതിലൂടെയും നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാം. ബാങ്ക് വഴിയാണെങ്കിൽ കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിൽ മാതാപിതാക്കൾക്ക് നിക്ഷേപിയ്ക്കാം. കുട്ടിയുടെ ബർത്ത് സെർട്ടിഫിക്കറ്റ്, ഫോട്ടോ, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ ബാങ്കിൽ നൽകിയാൽ മതി. പല ബാങ്കുകളും ഓൺലൈൻ വഴി അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യാനുള്ള സൗകര്യം ഈ പദ്ധതിയിൽ ഒരുക്കിയിട്ടുണ്ട്.

ഏറെ സുരക്ഷിതവും വിശ്വാസയോഗ്യവുമായ ഒരു പദ്ധതിയാണ് സുകന്യ സമ്യദ്ധി യോജന. പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പദ്ധതിയിൽ നിന്ന് ലഭിയ്ക്കുന്ന തുക മകളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കാം. അതിനാൽ നിങ്ങളുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പായി കണ്ട് ഈ പദ്ധതിയിൽ നിക്ഷേപിയ്ക്കൂ.