Blog Malayalam

I

പണമുണ്ടാക്കുന്നത് തെറ്റോ

പണമുണ്ടാക്കുന്നത് ഒരു അപരാധമാണെന്ന മട്ടിൽ പെരുമാറുന്നവരെ കണ്ടിട്ടില്ലേ. സ്വാർത്ഥനെന്നും അത്യാഗ്രഹിയെന്നും ആളുകൾ മുദ്ര കുത്തുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം പണം ജീവിതത്തിൽ ഒരു അവശ്യ ഘടകമായി കാണാത്തവർ ഉണ്ട്. പണത്തെ കുറിച്ചുള്ള ചില ധാരണകൾ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിയ്ക്കുന്നത് കൊണ്ടാണ് പണക്കാരനാവുന്നത് ഒരു തെറ്റായി ആളുകൾ ധരിയ്ക്കുന്നത്.  പണമുണ്ടാക്കുന്നത് തെറ്റല്ലെന്ന് മാത്രമല്ല പണത്തോടുള്ള നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ സാമ്പത്തികസ്ഥിതി നിശ്ചയിയ്ക്കുന്നത്. ഇന്ന് സമൂഹത്തിൽ പണത്തെക്കുറിച്ചു നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ നോക്കൂ.

പണം സന്തോഷം ഇല്ലാതാക്കും

പണം സന്തോഷം ഇല്ലാതാക്കുമെങ്കിൽ ഏറ്റവും സന്തോഷിക്കുന്നവർ പാവപ്പെട്ടവർ ആയേനെ.  പണവും സന്തോഷവും രണ്ടും രണ്ടാണ്.  ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ് നിങ്ങളുടെ ജീവിതം അർദ്ധവത്താകുന്നതും നിങ്ങൾ സന്തോഷവാന്മാരാകുന്നതും. എന്നാൽ അവശ്യ ഘട്ടങ്ങളിൽ പണമില്ലാത്തതു സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെയ്ക്കുകയും നിങ്ങളുടെ സന്തോഷം കെടുത്തുകയും ചെയ്യും. അതിനാൽ സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പണവും, സന്തോഷം നിറഞ്ഞ ജീവിതത്തിനു ഒരു ലക്ഷ്യവും കണ്ടെത്തുക. രണ്ടും വേറിട്ട പാതയാണെന്നു മനസിലാക്കുക

പണക്കാർ അത്യാഗ്രഹികൾ ആണ്

പണമുള്ളത് കൊണ്ട് അത്യാഗ്രഹി ആകണമെന്നില്ല. എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട് അത്യാഗ്രഹികൾ. ദാനധർമ്മങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്യുന്ന കോടീശ്വരന്മാരുണ്ട്. ഇതവർക്ക് സാധിയ്ക്കുന്നത് പണമുള്ളത് കൊണ്ടാണ്. പണമുണ്ടെങ്കിൽ ഇത്തരം സംഭാവനകൾ കൂടുതൽ ചെയ്യാനാവും.

പണമുണ്ടാക്കുന്നത് കഠിന പ്രക്രിയ ആണ്

പണമുണ്ടാക്കുന്നത് കഠിനമായ പ്രക്രിയ ആണെന്നും ഇത് തങ്ങളുടെ വ്യക്തി ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്നുമുള്ള ഒരു ധാരണ പലരിലും ഉണ്ട്. കഠിനാദ്ധ്വാനവും പണമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. ചിട്ടയായ ഒരു ജീവിതം നയിക്കുന്നവർക്ക് വ്യക്തിപരമായ കാര്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കി വെയ്ക്കാനാവും. ഇത് ഏർപ്പെടുന്ന പ്രവൃത്തി ആസ്വദിയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പണമുണ്ടാക്കുന്നത് ആത്മീയപരമായി തെറ്റാണ്

പണമുണ്ടാക്കുന്നത് ആത്മീയപരമായി തെറ്റാണെന്നു ആളുകൾക്കിടയിൽ ഒരു ധാരണ ഉണ്ട്. കിംഗ് സോളമൻ ലോകത്തിലെ ഏറ്റവും ധനികനും ഉദാരമതിയുമായ മനുഷ്യനാണെന്ന് ബൈബിൾ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ പണമുണ്ടാക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ലെന്ന് മനസിലാക്കുക.

അധികം പണം ഉണ്ടാക്കിയാൽ മറ്റുള്ളവർക്ക് തികയില്ല

എത്ര വലിയ പങ്ക് എടുത്താലും തീരാത്തത്ര പണം ലോകത്തുണ്ട്. പണം കൂടുതൽ ഉണ്ടാക്കുക വഴി അത് ചിലവാക്കാനും അത് വഴി മറ്റുള്ളവർക്ക് പണം സമ്പാദിയ്ക്കാനും ഉള്ള അവസരം ലഭിയ്ക്കുന്നു. പണം രക്തം പോലെ പടരാനുള്ളതാണ്. വലിയ ഒരു ഭാഗം എടുത്തു ചിലവാക്കിയും നിക്ഷേപിച്ചും സമൂഹത്തിൽ പണം പടരുന്നു എന്നുറപ്പാകുകയാണ് വേണ്ടത്.

ധന സമ്പാദനത്തെ കുറിച്ച് നിലനിൽക്കുന്ന വിശ്വാസങ്ങളും ധാരണകളും പൊളിച്ചെഴുതേണ്ട സമയമായി. മാറുന്ന മനോഭാവം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *