എന്താണ് സുകന്യ സമ്യദ്ധി യോജന? എങ്ങനെ ചേരാം?
പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കൾക്കും അറിയാൻ ഏറെ താല്പര്യമുള്ള ഒരു വിഷയമാകും സുകന്യ സമ്യദ്ധി യോജന. പെൺകുട്ടികളുടെ വിവാഹാവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കുമായി ഭാരത സർക്കാർ 2015 ൽ തുടങ്ങിയ ഒരു പദ്ധതിയാണിത്. ഇന്ന് മ്യൂച്ച്വൽ ഫണ്ട് അടക്കം ഏറെ നിക്ഷേപങ്ങൾ വിപണിയിലുണ്ടെങ്കിലും സർക്കാരിൻറെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു പദ്ധതി ആയതിനാൽ ആദായത്തിൻറെ കാര്യത്തിൽ മറ്റൊന്നിനും നല്കാനാവാത്ത ഉറപ്പ് സുകന്യ സമ്യദ്ധി യോജന നൽകുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ മാസം തോറും 500 രൂപ നീക്കി വെയ്ക്കുന്നു എന്ന് കരുതുക, വർഷം 6000 രൂപ പദ്ധതിയിൽ നിക്ഷേപിയ്ക്കാം. മാസം തോറും 6000 രൂപ നീക്കി വെച്ചാൽ വർഷത്തിൽ 24,000 രൂപ നിക്ഷേപിയ്ക്കാം. ഇത് കൊണ്ടൊക്കെ തന്നെ പെൺകുട്ടികളുടെ മാതാപിതാക്കൾ ഒരിയ്ക്കലും വിട്ടു കളയാൻ പാടില്ലാത്ത ഒരു നിക്ഷേപം ആണ് ഇത്. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഈ പദ്ധതിയുടെ പ്രത്യേകതകളെ കുറിച്ചും അതിൽ ചേരുമ്പോൾ പാലിയ്ക്കേണ്ടതായ നടപടി ക്രമങ്ങളെ കുറിച്ചുമാണ്.
- പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ ഈ പദ്ധതിയിൽ നിക്ഷേപിയ്ക്കാനാവൂ.
- ഒരു കുടുംബത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ ഇതിൽ നിക്ഷേപിക്കാനാവൂ. നിങ്ങൾക്ക് ഇരട്ടക്കുട്ടികളാണെങ്കിൽ അതിന് ഉതകുന്ന വിധമുള്ള തെളിവുകൾ ഹാജരാക്കിയാൽ രണ്ടിൽ കൂടുതൽ കുട്ടികൾക്കായി നിക്ഷേപിയ്ക്കാം
- പെൺകുട്ടികൾ 10 വയസ്സാകുന്നതിന് മുൻപ് പദ്ധതിയിൽ ചേരണം. നിക്ഷേപിച്ച് തുടങ്ങുന്ന പ്രായം തൊട്ട് കുട്ടിയ്ക്ക് 14 വയസ്സാവുന്നത് വരെ നിക്ഷേപിയ്ക്കാം. കുട്ടിയ്ക്ക് 21 വയസ്സാകുമ്പോൾ സർക്കാർ നിശ്ചയിച്ച പലിശ നിരക്കിൽ നിക്ഷേപ തുക ലഭിയ്ക്കും.
- വർഷം ചുരുങ്ങിയത് 250 രൂപയെങ്കിലും പദ്ധതിയിൽ നിക്ഷേപിച്ചിരിയ്ക്കണം. നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കൂടിയ തുക 1.5 ലക്ഷം രൂപയാണ്.
- ആദായ നികുതിയിളവ് ലഭിയ്ക്കും എന്നത് സുകന്യ സമൃദ്ധി യോജനയുടെ മറ്റൊരു പ്രത്യേകത ആണ്. അതായത്, ആദായ നികുതി സെക്ഷൻ 80 സി യുടെ ആനുകൂല്യം ഇതിനുണ്ട്.
- ഈ പദ്ധതിയിൽ നിന്നുള്ള ആദായത്തെയും നികുതിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
എങ്ങനെ ചേരാം
പോസ്റ്റ് ഓഫീസ്, ഓൺലൈൻ പോർട്ടലുകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ നാഷനലൈസ്ഡ് ബാങ്കുകൾ – ഇവയിൽ ഏതിലൂടെയും നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാം. ബാങ്ക് വഴിയാണെങ്കിൽ കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിൽ മാതാപിതാക്കൾക്ക് നിക്ഷേപിയ്ക്കാം. കുട്ടിയുടെ ബർത്ത് സെർട്ടിഫിക്കറ്റ്, ഫോട്ടോ, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ ബാങ്കിൽ നൽകിയാൽ മതി. പല ബാങ്കുകളും ഓൺലൈൻ വഴി അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യാനുള്ള സൗകര്യം ഈ പദ്ധതിയിൽ ഒരുക്കിയിട്ടുണ്ട്.
ഏറെ സുരക്ഷിതവും വിശ്വാസയോഗ്യവുമായ ഒരു പദ്ധതിയാണ് സുകന്യ സമ്യദ്ധി യോജന. പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പദ്ധതിയിൽ നിന്ന് ലഭിയ്ക്കുന്ന തുക മകളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കാം. അതിനാൽ നിങ്ങളുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പായി കണ്ട് ഈ പദ്ധതിയിൽ നിക്ഷേപിയ്ക്കൂ.