ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിയ്ക്കാം
ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. സുലഭമായി ലഭിയ്ക്കുമെന്നത് കൊണ്ട് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഒന്ന് സ്വന്തമാക്കാം, കൂടെ പ്രലോഭിപ്പിയ്ക്കുന്ന ഓഫറുകളും ഉണ്ടാകും. ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ അടിയന്തര സന്ദർഭങ്ങളിൽ ഉള്ള സാമ്പത്തിക ആവശ്യങ്ങളെ മറി കടക്കാൻ ക്രെഡിറ്റ് കാർഡ് നിങ്ങളെ സഹായിയ്ക്കും. എന്നാൽ നിരുത്തരവാദമായ ഉപയോഗം അനാവശ്യ സാമ്പത്തിക പ്രതിസന്ധികൾ ജീവിതത്തിൽ സൃഷ്ടിയ്ക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുന്നതിന് മുൻപ് അതിൻറെ വ്യവസ്ഥകളും നിബന്ധനകളും അറിഞ്ഞിരിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ ഇവിടെ പ്രതിപാദിയ്ക്കാൻ പോകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.
ക്രെഡിറ്റ് കാർഡ് നിരക്കുകളെ കുറിച്ച് ബോധവാന്മാരാകുക
ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുമ്പോൾ അതോടൊപ്പം പുറമേയ്ക്ക് വ്യക്തമല്ലാത്ത നിരക്കുകൾ ഉണ്ടാകും. ആനുവൽ മൈന്റെനൻസ് ചാർജ്, ലേറ്റ് ഫീ ചാർജ്, ട്രാൻസാക്ഷൻ ചാർജ് എന്നിവ അവയിൽ ചിലതാണ്. ഇതിനെ കുറിച്ചെല്ലാം വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ കാർഡ് ഉപയോഗിച്ച് തുടങ്ങാവൂ
നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിന് അനുസരിച്ചുള്ള തുകയ്ക്ക് മാത്രം കാർഡ് ഉപയോഗിയ്ക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുമ്പോൾ ഉപഭോക്താവിന് അയാളുടെ വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് ലിമിറ്റ് ലഭിയ്ക്കും. തൊഴിലിൽ 10-15 വർഷത്തെ അനുഭവസമ്പത്ത് ഉള്ള, അല്ലെങ്കിൽ കൃത്യമായി ക്രെഡിറ്റ് പേമെൻറ് നടത്തുന്ന ഒരാളുടെ ക്രെഡിറ്റ് ലിമിറ്റ് ബാങ്കുകൾ കൂട്ടും. ആയതിനാൽ നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയുന്ന തുകയേ ക്രെഡിറ്റ് കാർഡ് വഴി ചെലവാക്കാവൂ.
ക്രെഡിറ്റ് ലിമിറ്റിൻറെ 50 ശതമാനം മാത്രം ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുക
നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിൻറെ 40 – 50 ശതമാനം മാത്രം ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് 1 ലക്ഷമാണെങ്കിൽ 50,000 മാത്രം ചെലവഴിയ്ക്കുക. മാസാദ്യം തന്നെ മുഴുവൻ തുകയും ഉപയോഗിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കോ മാസാവസാനമോ ഏതെങ്കിലും വിധത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിയ്ക്കും.
ഒരു എമർജൻസി ഫണ്ട് പോലെ ഉപയോഗിയ്ക്കുക
ആശുപത്രി വാസം, മറ്റ് ഏതെങ്കിലും അത്യാവശ്യങ്ങൾ തുടങ്ങി അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിയ്ക്കാനുള്ള എമർജൻസി ഫണ്ട് ആയി ക്രെഡിറ്റ് കാർഡ് കരുതി വെയ്ക്കുക. മുകളിൽ പറഞ്ഞത് പോലെ ക്രെഡിറ്റ് ലിമിറ്റിൻറെ 50 ശതമാനം കരുതി വെച്ചാൽ പല അത്യാവശ്യ സന്ദർഭങ്ങളിലും ഗുണം ചെയ്യും.
ചെലവുകൾ ആസൂത്രണം ചെയ്യുക
ക്രെഡിറ്റ് കാർഡ് കൈവശം ഉണ്ടെങ്കിൽ പണമായി കയ്യിലില്ലെങ്കിലും ഒരു ഉൽപന്നം വാങ്ങാൻ ഉപഭോക്താവിന് ആത്മവിശ്വാസം കൂടും. ഇത് ധന വിനിയോഗം കൂട്ടും. കൃത്യമായി ആസൂത്രണം ചെയ്തു വാങ്ങുന്ന ഉല്പന്നങ്ങൾക്കല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കാതിരിയ്ക്കുക. ഉദാഹരണത്തിന് മാസം പലവ്യഞ്ജനം വാങ്ങാനോ വാഹനത്തിൽ പെട്രോൾ അടിയ്ക്കാനോ ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കാം.
ക്രെഡിറ്റ് കാർഡ് തുക തിരിച്ചടയ്ക്കൽ തിയ്യതി തെറ്റിയ്ക്കാതിരിയ്ക്കുക
ക്രെഡിറ്റ് കാർഡ് തുക നിശ്ചിത സമയത്ത് തന്നെ തിരിച്ചടയ്ക്കാൻ ശ്രദ്ധിയ്ക്കുക. തിരിച്ചടയ്ക്കാൻ വൈകിയാൽ പിഴയായി കുടിശ്ശിക ബില്ലിൽ 2 – 4 ശതമാനം വരെ പലിശ ഈടാക്കും. പ്രതി വർഷം കുടിശ്ശിക തുകയുടെ 24 ശതമാനം നൽകുന്നത് ഓർത്തു നോക്കൂ, തുകയടയ്‌ക്കേണ്ട തിയ്യതി നിങ്ങളൊരിയ്ക്കലും തെറ്റിയ്ക്കില്ല. ഒരു നിശ്ചിത തുകയടച്ചാൽ പലിശയൊഴിവാക്കാം എന്നൊരു ധാരണ ആളുകൾക്കുണ്ട്. ഇത് ശരിയല്ല. ബാക്കി തുകയ്ക്ക് പലിശ ഈടാക്കുക തന്നെ ചെയ്യും. തുകയടയ്ക്കാനുള്ള ഒരു സാഹചര്യത്തിലല്ല നിങ്ങളെങ്കിൽ ക്രെഡിറ്റ് ക്യാർഡിന്റെ ഇ എം ഐ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് അവസാന വഴി ആയി മാത്രമേ ഉപയോഗിയ്ക്കാവൂ, കാരണം ഈ സൗകര്യത്തോടൊപ്പം ലേറ്റ് ഫീ യും പ്രോസസ്സിംഗ് ഫീ യും ഈടാക്കും.
അനാവശ്യ ചെലവുകൾക്കായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിയ്ക്കുകയും അടിയന്തര സന്ദർഭങ്ങളിലെ സാമ്പത്തികാവശ്യങ്ങൾക്കായി അവ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്രെഡിറ്റ് കാർഡ് കയ്യിലുള്ളവർ എടുക്കേണ്ട ഏറ്റവും ബുദ്ധിപൂർവ്വമായ തീരുമാനം.