എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ എന്നാൽ എന്ത്
സാധാരണ നിക്ഷേപകർക്കിടയിൽ എസ് ഐ പി യ്ക്ക് പ്രചാരം കൂടി വരുന്ന കാലമാണ്. കൂടുതൽ ആളുകൾ അതിനെ കുറിച്ചറിയാനും അതിൽ നിക്ഷേപിയ്ക്കാനും ശ്രമിയ്ക്കുന്നു. എസ് ഐ പി യിൽ എങ്ങനെ നിക്ഷേപിയ്ക്കണമെന്നും വിവിധ ഇക്വിറ്റി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിലെ എസ് ഐ പി പ്ലാനുകൾ ഏതൊക്കെയാണെന്നും അതിൽ നിന്ന് പ്രതീക്ഷിയ്ക്കാവുന്ന ആദായത്തെ കുറിച്ചും ആളുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നു.
എന്താണ് എസ് ഐ പി എന്നു നോക്കാം. ഒരു നിശ്ചിത തുക മാസം തോറുമോ ആഴ്ച തോറുമോ ദിവസം തോറുമോ നിക്ഷേപിയ്ക്കുന്ന രീതിയെയാണ് എസ് ഐ പി എന്ന് പറയുന്നത്. ഇതിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് മാസം തോറുമുള്ള എസ് ഐ പി ആണ്. എസ് ഐ പി യിൽ കൂടുതൽ ആളുകൾ മ്യൂച്ച്വൽ ഫണ്ടിലാണ് നിക്ഷേപിയ്ക്കുന്നതെങ്കിലും ഇക്വിറ്റി യിലും എസ് ഐ പി പ്ലാനുകൾ ലഭ്യമാണ്.
മ്യൂച്ച്വൽ ഫണ്ട് എസ് ഐ പി
യോജിച്ച ഒരു ഇക്വിറ്റി അല്ലെങ്കിൽ മ്യൂച്ച്വൽ ഫണ്ട് കണ്ടെത്തുക എന്നതാണ് എസ് ഐ പി യിൽ നിക്ഷേപിയ്ക്കുന്നതിന് മുന്നത്തെ ആദ്യ പടി. യോജിച്ച ഫണ്ട് കണ്ടെത്തിയാൽ നിങ്ങളുടെ ബാങ്കിന് ഒരു എസ് ഐ പി മാൻഡേറ്റ് നൽകാം. മാസാമാസം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കിഴിയും. ഇതിലൂടെ പണം മിച്ചം വെയ്ക്കുക, നിക്ഷേപിയ്ക്കുക എന്നീ രണ്ട് പ്രക്രിയകളും ഒരുമിച്ച് നടക്കും. എൽ ഐ സി മ്യൂച്ച്വൽ ഫണ്ട്, റിലയൻസ് മ്യൂച്ച്വൽ ഫണ്ട് എന്നിവ ദിവസേനയുള്ള എസ് ഐ പി പ്ലാനുകളും ലഭ്യമാക്കുന്നുണ്ട്. ദിവസക്കൂലി തൊഴിലാളികളോ, ദിവസക്കണക്കിൽ സമ്പാദിയ്ക്കുന്ന ആരുമായിക്കോട്ടെ, അവർക്ക് ഇത് ഏറെ ഗുണകരമാണ്. കാരണം, ഒരു ദിവസം അവർക്ക് ലഭിയ്ക്കുന്ന പണം അപ്പോൾ തന്നെ മിച്ചം വെയ്ക്കാനും സമ്പാദിയ്ക്കാനും കഴിയും. ഈ രീതിയുടെ മറ്റു ചില ഗുണങ്ങൾ:
- ഇത് ജീവിതത്തിൽ ഒരു അച്ചടക്കം കൊണ്ട് വരുന്നു. കാരണം നിക്ഷേപം നിങ്ങൾക്ക് വൈകിയ്ക്കാനോ പിന്നത്തേയ്ക്ക് മാറ്റി വെയ്ക്കാനോ കഴിയില്ല.
- നമ്മുടെ വലിയ രീതിയിലുള്ള അദ്ധ്വാനം ഇല്ലാതെ തന്നെ നിശ്ചിത തുക മിച്ചം വെയ്ക്കപ്പെടുകയും നിക്ഷേപിയ്ക്കപ്പെടുകയും ചെയ്യുന്നു.
- വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചു ഏറ്റക്കുറച്ചിലുണ്ടാകുന്ന ഇക്വിറ്റിയിലാണ് നിക്ഷേപിച്ചതെങ്കിൽ അത് ദോഷത്തെക്കാളേറെ നിങ്ങളുടെ ആദായത്തിന് ഗുണം ചെയ്യും. കാരണം, ശരാശരി വിലയാണ് ആദായമായി ലഭിയ്ക്കുക.
യോജിച്ച ഒരു നിക്ഷേപം തിരഞ്ഞെടുക്കുക
നിങ്ങൾക്ക് യോജിച്ച നിക്ഷേപം തിരഞ്ഞെടുക്കുക. അതിന് നിക്ഷേപത്തിൻറെ ലക്ഷ്യം, ഹോൾഡിങ് പിരീഡ്, അപകട സാധ്യത ഏറ്റെടുക്കാനുള്ള ശേഷി എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ വേണം. ഏതു നിക്ഷേപം തിരഞ്ഞെടുക്കണം എന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പകുതി ജോലി തീർന്നതായി കണക്കാക്കാം. നിക്ഷേപം നടത്തിക്കഴിഞ്ഞാൽ 3 മാസത്തിലൊരിയ്ക്കൽ അത് വിശകലനം ചെയ്തു മതിയായ മാറ്റങ്ങൾ വരുത്തണം.