സ്ഥിര വരുമാനവും നിഷ്ക്രിയ വരുമാനവും
നമ്മളിൽ പലർക്കും ഉണ്ടാകും ‘ആക്റ്റീവ് ഇൻകം’ അഥവാ ഒരു സ്ഥിര വരുമാനം. എന്നാൽ ‘പാസ്സീവ് ഇൻകം’ അഥവാ നിഷ്ക്രിയ വരുമാനം പലരെയും മോഹിപ്പിയ്ക്കുന്ന ഒന്നാണ്. ഒരു പ്രവൃത്തിയിലും ഏർപ്പെടാതെയും വരുമാനം ഉണ്ടാക്കുക എന്നത് ആരുടെയും സ്വപ്നമാണ്. എന്നാൽ ജീവിതത്തിൻറെ ഈയൊരു ഘട്ടത്തിൽ എത്താൻ ഒരാൾക്ക് ഒരു സ്ഥിര വരുമാനം ആവശ്യമാണ്. ശാരീരികമായോ മാനസികമായോ ഒരു ജോലിയിൽ ഏർപ്പെടുന്നതിലൂടെ ലഭിയ്ക്കുന്ന വേതനമോ ഒരു കച്ചവടം ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ലാഭമോ ആണ് ‘ആക്റ്റീവ് ഇൻകം’ അഥവാ സ്ഥിര വരുമാനം. ശാരീരികമായ ഒരു പ്രവൃത്തിയിലും ഏർപ്പെടാതെ ലഭിയ്ക്കുന്നതാണ് ‘പാസ്സീവ് ഇൻകം’ അഥവാ നിഷ്ക്രിയ വരുമാനം. വാടക, ലാഭവിഹിതം, പലിശ, അവകാശ ധനം എന്നിവയിലൂടെ ലഭിയ്ക്കുന്നതാണ് നിഷ്ക്രിയ വരുമാനം. നിങ്ങളുടെ നിഷ്ക്രിയ വരുമാനം മാസച്ചിലവിനേക്കാൾ കൂടുതലെങ്കിൽ നിങ്ങൾ സാമ്പത്തിക സ്ഥിരത കൈവരിച്ചവർ ആണ്.
ഒരു പ്രവൃത്തിയിലും ഏർപ്പെടാതെ ഇരിയ്ക്കുമ്പോൾ പോലും ആദായം ലഭിയ്ക്കുന്നതിനെ ആണ് നിഷ്ക്രിയ വരുമാനം എന്ന് പറയുന്നത്. ജീവിതത്തിൽ ഈ നിഷ്ക്രിയ വരുമാനം ഉണ്ടാകുന്നതിന്റെ ആദ്യ പടി ഒരു സ്ഥിര വരുമാനമാണ്. അതേ സമയം നിഷ്ക്രിയ വരുമാനം ഉണ്ടാകാൻ സഹായിയ്ക്കുന്ന പല വിധ നിക്ഷേപ രീതികൾ കണ്ടെത്തുകയും വേണം. ഇത് ഉദ്യോഗാനന്തര ജീവിതത്തിൽ സഹായിയ്ക്കും. നിഷ്ക്രിയ വരുമാനവും സ്ഥിര വരുമാനത്തിൽ നിന്നുള്ള ബാക്കി തുകയും ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകും. എന്നാൽ ഈ നിഷ്ക്രിയ വരുമാനത്തിലേയ്ക്ക് നയിയ്ക്കുന്ന വിവിധ നിക്ഷേപ രീതികൾ വ്യക്തമായി പഠിച്ചതിന് ശേഷമേ തിരഞ്ഞെടുക്കാവൂ.
താഴേ പറയുന്നവയാണ് നിഷ്ക്രിയ വരുമാനം സൃഷ്ടിയ്ക്കുന്നത്
• നിങ്ങളുടെ വീടിൻറെ പുറംമതിലിൽ പതിയ്ക്കുന്ന പരസ്യത്തിന് കിട്ടുന്ന വാടക
• നിങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ നിന്ന് കിട്ടുന്ന ലാഭ വിഹിതം
• നിങ്ങൾ തുടങ്ങിയ ഒരു യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം
• നിങ്ങൾ പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നുള്ള ലാഭം
ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് സ്ഥിര വരുമാനം ലഭിയ്ക്കുന്നു. ഈ സ്ഥിര വരുമാനം ബുദ്ധിപൂർവ്വം നിക്ഷേപിച്ചാൽ അതിൽ നിന്ന് കിട്ടുന്ന ആദായം മികച്ച ഒരു നിഷ്ക്രിയ വരുമാനം ആകും. ഇത് ഉദ്യോഗാനന്തര ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും.