എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം
എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം ആണ്. ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി തരണം ചെയ്യേണ്ടതായി വരുമ്പോൾ – അത് തൊഴിലില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, വീടിനോ വാഹനത്തിനോ ഉള്ള കേടുപാട് – എന്തുമായിക്കൊള്ളട്ടെ, കുടുംബത്തിൻറെ സാമ്പത്തിക ഭദ്രത ഈ കരുതൽ ധനം ഉറപ്പു വരുത്തും.
അനാവശ്യ ചിലവുകൾ കണ്ടെത്തി നിർത്തുക
ഹോട്ടലുകൾ സന്ദർശിയ്ക്കുക, ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിയ്ക്കുക തുടങ്ങിയ അനാവശ്യ ചിലവുകൾ വേണ്ടെന്നു വെയ്ക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങൾ കുറയ്ക്കുക.
ഓൺലൈൻ ജോലി കണ്ടെത്താം
കൂടുതലായിട്ടുള്ള കഴിവുകൾ ഉപയോഗിച്ച് ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കുന്നത് വരുമാനം വർദ്ധിപ്പിയ്ക്കും. തൊഴിലില്ലായ്മയും ശമ്പളം വെട്ടിക്കുറയ്ക്കലും കൂടുന്ന ഈ കാലത്തു ഈ അധിക വരുമാനം ഗുണം ചെയ്യും. മാത്രമല്ല, പുതിയ തൊഴിലിനു ശ്രമിയ്ക്കുന്ന ഒരാളാണെങ്കിൽ നേടിയെടുത്ത ഈ കഴിവുകൾ നിങ്ങൾക്ക് ബയോഡാറ്റയുടെ മൂല്യം വർദ്ധിപ്പിയ്ക്കും.
എമർജൻസി ഫണ്ട് നിക്ഷേപം ഓട്ടോമേറ്റ് ചെയ്യുക
എമർജൻസി ഫണ്ട് തുക നിശ്ചയിച്ചു കഴിഞ്ഞാൽ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുക. നിങ്ങൾ സ്വയം പണം നീക്കി വെയ്ക്കുന്നതിനേക്കാൾ ഇതാണ് കൂടുതൽ ഫലപ്രദം.
സേവിങ്സ് അക്കൗണ്ടിന് പകരം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ട് ഉപയോഗിയ്ക്കുക
സേവിങ്സ് അക്കൗണ്ടിൽ നിന്നുള്ള കുറച്ചു പണം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കുക. ഇതിൽ നിന്ന് കൂടുതൽ പലിശ ലഭിയ്ക്കും. ഈ അധിക വരുമാനം എമർജൻസി ഫണ്ടിലേക്ക് നീക്കിവെയ്ക്കാം. പിന്നീട് ഈ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുകയും ആവാം. സേവിങ്സ് അക്കൗണ്ട് പോലെത്തന്നെ ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിലും പെട്ടെന്ന് പണം പിൻവലിയ്ക്കാനും എ.ടി. എം കാർഡ് കൈവശം വെയ്ക്കാനും ഉള്ള സൗകര്യം ഉണ്ട്.
ഉപയോഗശൂന്യമായ വീട്ടു വസ്തുക്കൾ വിൽക്കുക
വീടുകളിൽ ഉപയോഗമില്ലാതെ കിടക്കുന്ന വീട്ടു വസ്തുക്കൾ വിൽക്കുക. ഉദാഹരണത്തിന് വീട്ടിൽ ഉപയോഗശൂന്യമായ ഒരു ഫർണിച്ചർ ഉണ്ടെങ്കിൽ അത് ഓ എൽ എക്സ് പോലുള്ള വെബ്സൈറ്റുകളിലൂടെ വിൽക്കാം. ഇങ്ങിനെ ലഭിയ്ക്കുന്ന അധിക പണം എമർജൻസി ഫണ്ടിലേക്ക് നീക്കി വെയ്ക്കാം.
ലോണുകൾ പുനർക്രമീകരിയ്ക്കുക
നിങ്ങൾ അടയ്ക്കുന്ന ലോണുകളുടെ പലിശ നിരക്ക് കൂടുതലാണോ എന്ന് പരിശോധിയ്ക്കുക. കൂടുതലാണെങ്കിൽ അവ പുനർരൂപീകരിയ്ക്കുക. ഇത് പലിശ നിരക്ക് കുറയ്ക്കാൻ സഹായിച്ചേക്കും. ഈ മിച്ചം വന്ന പണം എമർജൻസി ഫണ്ടിലേക്ക് ഇടാം.
തൊഴിലില്ലായ്മയുടെയും ശമ്പളം വെട്ടികുറയ്ക്കലിന്റെയും ഈ കാലത്തു ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി സ്വയം സുരക്ഷിതരാകേണ്ടത് അത്യാവശ്യം ആണ്.