മിച്ചം വെയ്ക്കലും നിക്ഷേപവും
ഒരു നിക്ഷേപകന്റെ കുപ്പായം എടുത്ത് അണിയുന്നതിന് മുൻപ് അത്യാവശ്യമായി അറിഞ്ഞിരിയ്ക്കേണ്ട ഒന്നാണ് പണം മിച്ചം വെയ്ക്കുന്നതും നിക്ഷേപിയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം. പരസ്പരം മാറ്റത്തക്ക രീതിയിൽ ഉപയോഗിയ്ക്കുമെങ്കിലും രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഭാവിയിൽ എന്തെങ്കിലും വാങ്ങാനോ അടിയന്തിര ഘട്ടത്തിൽ ഉപയോഗിയ്ക്കാനോ നിങ്ങൾ പണം നീക്കി വെയ്ക്കുന്നുണ്ടെങ്കിൽ അത് പണം മിച്ചം വെയ്ക്കലാണ്. മറിച്ച് സ്ഥിര നിക്ഷേപമായോ കൂടുതൽ ആദായവും വളർച്ചയും മുന്നിൽ കണ്ട് സ്റ്റോക്ക്, ഓഹരി, വസ്തുവകകൾ എന്നിവ വാങ്ങാനോ പണം ഉപയോഗിയ്ക്കുമ്പോൾ അത് നിക്ഷേപം ആകും. ധന നിർമ്മിതിയ്ക്കുള്ള ആദ്യ പടി പണം മിച്ചം വെയ്ക്കലാണ്. എന്നാൽ ആദായം വർദ്ധിപ്പിയ്ക്കാൻ ചെയ്യേണ്ടത് നിക്ഷേപമാണ്.
പണം മിച്ചം വെക്കുന്നതിന് മാർഗ്ഗങ്ങൾ ഏറെയുണ്ട്. സ്ഥിരമായി റസ്റ്റോറന്റിൽ ഭക്ഷണം കഴിയ്ക്കാൻ പോകുന്ന ഒരാളാണ് നിങ്ങൾ എന്ന് വിചാരിയ്ക്കൂ. ഈ മാസം ആ പതിവ് ഉപേക്ഷിച്ച് അടുത്ത മാസത്തെ ഒരു യാത്രയ്ക്കായോ പുതിയ ഒരു മൊബൈൽ ഫോൺ വാങ്ങാൻ വേണ്ടിയോ ആ പണം നിങ്ങൾ നീക്കി വെയ്ക്കുമ്പോൾ അത് മിച്ചം വെയ്ക്കലാണ്. എന്നാൽ ഒരു നിശ്ചിത തുക നിങ്ങൾ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിയ്ക്കുകയോ അല്ലെങ്കിൽ ദീര്ഘകാലാടിസ്ഥാനത്തിൽ ലാഭം മുന്നിൽ കണ്ട് ഓഹരികളോ സ്റ്റോക്കുകളോ വാങ്ങാൻ ഉപയോഗിയ്ക്കുകയോ ചെയ്താൽ അത് നിക്ഷേപമാണ്. പണം മിച്ചം വെച്ചാലേ നിങ്ങൾക്ക് നിക്ഷേപിയ്ക്കാനാവൂ.
മിച്ചം വെയ്ക്കലും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം
മിച്ചം വെയ്ക്കൽ
• റിസ്ക് സാധ്യത തീരെ ഇല്ല
• മിച്ചം വെയ്ക്കുന്ന പണത്തിൽ നിന്നും ആദായം ലഭിയ്ക്കില്ല, പത്ത് വർഷത്തിന് ശേഷവും മിച്ചം വെച്ച തുക മാറ്റമില്ലാതെ തുടരും.
• ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾക്കാണ് പണം മിച്ചം വെയ്ക്കുന്നത്.
നിക്ഷേപം
• വിപണിയുടെ ഉയർച്ച താഴ്ചകളെ ആശ്രയിയ്ക്കുന്നതിനാൽ കൂടുതൽ റിസ്ക് സാധ്യത.
• ഓഹരികൾ മികച്ച ലാഭ വിഹിതവും ഫിക്സഡ് ഡെപ്പോസിറ്റ് 6 മുതൽ 7 ശതമാനം പലിശയും നൽകുന്നതിനാൽ ഉയർന്ന ലാഭ സാധ്യത
• നിക്ഷേപങ്ങൾ നടക്കുന്നത് ദീർഘ കാലാടിസ്ഥാനത്തിലാണ്
ഇതിൽ ഏതിനാണ് കൂടുതൽ പ്രാമുഖ്യം നൽകേണ്ടത് എന്നാണ് ചോദ്യമെങ്കിൽ രണ്ടിനും എന്നാണ് ഉത്തരം. എങ്കിലും നിക്ഷേപത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഇത് ഒരു ഷർട്ടിൻറെ ഉദാഹരണത്തിലൂടെ സാധൂകരിയ്ക്കാം. അഞ്ച് വർഷങ്ങൾക്ക് മുൻപ് നിങ്ങൾ വാങ്ങിയ ഷർട്ടിൻറെ വില 1500 രൂപ ആണെങ്കിൽ നാണയപ്പെരുപ്പം കാരണം ഇന്ന് അതിന്റെ വില 3000 ആയി ഉയർന്നിട്ടുണ്ടാകും. അഞ്ച് വർഷം മുമ്പ് നിങ്ങൾ 1500 രൂപ മിച്ചം വെച്ചാലും ഇന്ന് ആ തുകയ്ക്ക് ഷർട്ട് വാങ്ങാനാവില്ല. എന്നാൽ ആ തുക അന്ന് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വളർന്ന് ഷർട്ട് വാങ്ങാൻ തക്ക തുകയായി വളർന്നേനെ.
ചുരുക്കത്തിൽ നിക്ഷേപിയ്ക്കണോ മിച്ചം വെക്കണോ എന്നത് എന്തിനായി നിങ്ങൾ ആ തുക ഉപയോഗിയ്ക്കുന്നു എന്നനുസരിച്ചിരിയ്ക്കും. അതിനാൽ പണം ബുദ്ധിപൂർവ്വം ഉപയോഗിയ്ക്കാൻ ശീലിയ്ക്കൂ.