സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ
ലോകം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. രോഗവ്യാപനം ഭയന്ന് ജനങ്ങൾ വീടുകളിൽ അടച്ചിരിയ്ക്കുന്നു. ലോകരാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി മുൻപൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധം തകർന്നിരിയ്ക്കുന്നു. സാമാന്യജനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ജോലിയും വരുമാനവും ഇല്ലാതാകുമോ എന്ന ആശങ്ക കുറച്ചൊന്നുമല്ല അവരെ ബാധിച്ചിരിയ്ക്കുന്നത്, പ്രത്യേകിച്ചും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ. ഇത്തരം ഒരു അവസ്ഥയിൽ കയ്യിലിരിയ്ക്കുന്ന പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് ഗൗരവതരമായ ഒരു വിഷയമാണ്.
എമർജൻസി ഫണ്ട് ഉണ്ടാക്കുക
പ്രവാസികൾക്ക് മാത്രമല്ല ഏതൊരാൾക്കും ഉണ്ടാകേണ്ട ഒന്നാണ് എമർജൻസി ഫണ്ട്. ആ ഒരു വർഷത്തേയ്ക്ക് ഒരു കുടുംബത്തിന്റെ ജീവിതശൈലീ ചിലവ് കഴിയ്ക്കാൻ പര്യാപ്മായിരിയ്ക്കണം ഈ ഫണ്ട്.
അനാവശ്യ ചിലവുകൾ ഒഴിവാക്കുക
വീട് പണി, പുതുക്കിപ്പണിയൽ തുടങ്ങിയവ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക. അക്കൗണ്ടിൽ നിന്ന് പണം ചോരുന്ന ഏതു സംരംഭവും തൽക്കാലത്തേയ്ക്ക് മാറ്റി വെയ്ക്കുക.
ദീർഘകാല നിക്ഷേപങ്ങളോട് തൽക്കാലത്തേയ്ക്ക് നോ പറയുക
പുതിയ ദീർഘകാല നിക്ഷേപങ്ങൾ, അത് ഇൻഷുറൻസ് ആയാലും ഈക്വിറ്റി ആയാലും തല്ക്കാലം വേണ്ടെന്നു വെയ്ക്കുക. പണമായി കൈവശം ഉണ്ടാകേണ്ടത് ഈ പ്രതിസന്ധി കാലത്തു അത്യാവശ്യമാണ്.
നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക
കഴിയുന്നതും നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക. അത്യാവശ്യ ചിലവുകൾക്ക് ശേഷം ഫണ്ട് തീരെ ഇല്ലെങ്കിൽ മാത്രമേ പോളിസികൾ നിർത്താവൂ. ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് വെച്ച് നിർത്തുന്നത് ഇത് വരെ അടച്ച പണം നഷ്ടപ്പെടാൻ ഇടയാക്കും.
പെട്ടെന്നു വരുമാനം ലഭിയ്ക്കുന്ന സംരംഭങ്ങൾ ഒഴിവാക്കുക
ബിസിനസ്സ് പങ്കാളിത്തത്തിന്റെയും മറ്റു പദ്ധതികളുടെയും രൂപത്തിൽ മോഹിപ്പിയ്ക്കുന്ന ഏറെ വാഗ്ദാനങ്ങൾ വന്നേക്കാം. കൃത്യമായ ഒരു വരുമാനം എന്ന കെണിയിൽ പെടാതെ സൂക്ഷിയ്ക്കുക. ഇത്തരം നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ലിത്.
പുതിയ ഇൻഷുറൻസ് പോളിസികളിൽ ചേരാതിരിയ്ക്കുക
മികച്ച റിട്ടയർമെന്റ് പ്ലാനുകളുമായാണ് പലതും വരുന്നതെങ്കിലും അവയുടെ ലിക്വിഡിറ്റി കുറവാണ്. വരുമാനം കിട്ടിത്തുടങ്ങാൻ തന്നെ പല പോളിസികളും അഞ്ചു വർഷം എടുക്കും.
ചിലവുകൾ നിയന്ത്രിയ്ക്കുക
മാസം തോറുമുള്ള ചിലവുകൾ കുറിച്ച് വെയ്ക്കുകയും അനാവശ്യ ചിലവുകളെന്നു കണ്ടാൽ ഒഴിവാക്കുകയും വേണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിയ്ക്കുക. ഈ പ്രതിസന്ധിയിൽ നിന്ന് വല്യ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ ഇത് നിങ്ങളെ സഹായിയ്ക്കും.
നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ വിശകലനം ചെയ്യുക
നിലവിലുള്ള പോളിസികൾ പുനഃപരിശോധിയ്ക്കുക. ലൈഫ് ഇൻഷുറൻസ്, ടെം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസി എന്നിവ എടുത്തിട്ടുണ്ടെങ്കിൽ അതിൽ നിന്ന് ലഭിയ്ക്കുന്ന കവറേജ്, തുക എന്നിവ വിശകലനം ചെയ്യുക. ഈ പോളിസികൾ പ്രായമായ മാതാപിതാക്കൾ അടക്കമുള്ള നിങ്ങളുടെ കുടുംബത്തിൻറെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് അനുസൃതമാണോ എന്നും പരിശോധിയ്ക്കണം. അപര്യാപ്തമെന്നു കണ്ടാൽ അനാവശ്യ പോളിസികൾ നിർത്തുകയും ആവാം.
കടങ്ങൾ നിയന്ത്രിയ്ക്കുക
കടങ്ങൾ പുനർരൂപീകരിയ്ക്കുക. നിങ്ങൾ അടയ്ക്കുന്ന ഈ.എം.ഐ. നിരക്ക് കൂടുതൽ ആണെങ്കിൽ അവ പുനർക്രമീകരിയ്ക്കുക. ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ ഏകീകരിച്ചു പലിശ ഒന്നിച്ചടയ്ക്കാനോ കുറയ്ക്കാനോ ശ്രമിയ്ക്കുക. ആവശ്യമെങ്കിൽ വിദഗ്ദ്ധ സഹായത്തോടെ ഇ എം ഐ അടവും പലിശ നിരക്കും യോജിപ്പിയ്ക്കുക.
താൽക്കാലിക ജോലി കണ്ടെത്തുക
നിങ്ങൾ അവധിയിലോ മറ്റൊരു ജോലിയ്ക്കുള്ള ശ്രമത്തിലോ ആണെങ്കിൽ ഒരു താൽക്കാലിക ജോലി കണ്ടെത്തുന്നത് വരുമാനം കൂട്ടും. നിങ്ങൾ ഒരു സ്കിൽഡ് ജോലിക്കാരൻ ആണെങ്കിൽ ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കാം. ഓൺലൈൻ വഴി ജോലിയ്ക്ക് അപേക്ഷിയ്ക്കുന്നതിലൂടെ ഒഴിവു സമയം പ്രയോജനപ്പെടുത്താം. മറ്റു കഴിവുകൾ ഉണ്ടെങ്കിൽ പരിപോഷിപ്പിയ്ക്കുന്നത് ജോലി ലഭിയ്ക്കുന്നതിനു ഗുണകരമാവും.
പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക
ജോലി നഷ്ടപ്പെടും എന്ന ഭയം ഉണ്ടെങ്കിൽ ലഭിയ്ക്കാൻ സഹായിയ്ക്കുന്ന ബന്ധങ്ങൾ ഉണ്ടാക്കാൻ ഒഴിവു സമയത്ത് ശ്രദ്ധ കേന്ദ്രീകരിയ്ക്കാം.
ഏതെങ്കിലും പ്രത്യേക ലക്ഷ്യം മനസ്സിൽ കണ്ടു നിക്ഷേപിയ്ക്കുക
നിങ്ങളുടെ നിക്ഷേപങ്ങൾ ഏതെങ്കിലും ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചാണോ അതോ ലക്ഷ്യ ബോധമില്ലാത്തവയാണോ എന്ന് പരിശോധിയ്ക്കുക.
റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക
നിങ്ങൾക്ക് കൃത്യമായ ഒരു റിട്ടയർമെന്റ് പദ്ധതി ഉണ്ടോ എന്ന് പരിശോധിയ്ക്കുക. എപ്പോൾ റിട്ടയർ ചെയ്യണമെന്നോ റിട്ടയര്മെന്റിനു മുൻപായി കൈവരിയ്ക്കേണ്ട ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നോ തീരുമാനിച്ചിട്ടില്ലെങ്കിൽ അത് ചെയ്യുക.
ഈ പ്രതിസന്ധി കാലത്തു കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിയ്ക്കുന്നത് ഇതിൽ നിന്ന് കൂടുതൽ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ സഹായിയ്ക്കും.