ശരീഅത്ത് ഫണ്ടുകളിൽ എങ്ങിനെ നിക്ഷേപിയ്ക്കാം
ശരീഅത്ത് നിക്ഷേപങ്ങൾ ഇസ്ലാമിക നിക്ഷേപക തത്വചിന്ത പിൻതുടരുന്ന ശരീഅത്ത് നിയമം അനുസൃതമായിട്ടുള്ളതാണ്. ശരീഅത്ത് ഇസ്ലാം മതത്തിന്റെ ധാർമിക നിയമാവലി ആണ്. സാമൂഹിക ഉത്തരവാദിത്വത്തിൽ ഊന്നി നിക്ഷേപത്തിൽ ഏർപ്പെടാൻ അത് ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു. മനുഷ്യനെ ശാരീരികമായും വികാരപരമായും വേദനിപ്പിക്കുന്ന ഏതിലും നിക്ഷേപങ്ങൾ നടത്തുന്നതിന് ശരീഅത്ത് നിയമങ്ങൾ എതിരാണ്. ശരീഅത്ത് നിയമാവലിയിൽ വിശ്വസിയ്ക്കുന്ന ആർക്കും ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്താം. വിവിധ ശരീഅത്ത് നിക്ഷേപങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ് എന്നത് നിരാശപ്പെടുത്തുന്ന വസ്തുതയാണ്. ഇവിടെ നമ്മൾ സംസാരിയ്ക്കാൻ പോകുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന വിവിധ ശരീഅത്ത് നിക്ഷേപങ്ങളെ കുറിച്ചാണ്.
ടോറസ് എത്തിക്കൽ ഫണ്ട്
ശരീഅത്ത് നിയമാവലി പാലിയ്ക്കുന്ന ഒരു മ്യുച്വൽ ഫണ്ട് നിക്ഷേപം ആണിത്. നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപ ആണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരമാണെങ്കിൽ 1000 രൂപ ആണ്. ഈ പ്ലാൻ അനുസരിച്ച് വരുമാനം 10 ശതമാനത്തിന് മുകളിലാണ്. ഫിക്സഡ് ഡെപ്പോസിറ്റ് വരുമാനത്തേക്കാൾ കൂടുതൽ ആണിത്. ഇതിന്റെ എ യു എം (അസ്സെറ്റ്സ് അണ്ടർ മാനേജ്മെന്റ്) 37 കോടിയും എക്സ്പെൻസ് റേഷ്യോ അഥവാ നിക്ഷേപം സംഭരിയ്ക്കുന്നതിനുള്ള ചിലവ് 2.6% ആണ്.
ടാറ്റ എത്തിക്കൽ ഫണ്ട്
ടാറ്റ എത്തിക്കൽ ഫണ്ട് ഏറ്റവും ജനപ്രിയമായതും സ്വീകാര്യമായതും ആയ ശരീഅത്ത് നിക്ഷേപം ആണ്. 515 കോടിയിൽ നിൽക്കുന്ന അതിന്റെ എ യു എം ഉം ടാറ്റ എന്ന വാണിജ്യമുദ്രയും തന്നെ കാരണം. നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപ ആണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരമാണെങ്കിൽ 500 രൂപയും ആണ്. ഇതു പ്രകാരം വരുമാനം 14 ശതമാനം ആണ്. എക്സ്പെൻസ് റേഷ്യോ 2.5 ശതമാനം.
നിപ്പോൺ ഇ ടി എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)
ഇതിൽ നിക്ഷേപിയ്ക്കാൻ ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. എക്സ്പെൻസ് റേഷ്യോ 1% കൂടുതൽ ആണ്. അതിന്റെ എ യു എം വെറും 3 കോടിയാണ്, എന്നത് കൊണ്ട് തന്നെ ഇതിൽ നിക്ഷേപിയ്ക്കുന്നതിന്റെ പ്രധാന പ്രശ്നം ലിക്വിഡിറ്റി ഇല്ലായ്മയാണ്.
എത്തിക്കൽ മ്യുച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കാൻ ആവശ്യമുള്ള രേഖകൾ
- പാൻ കാർഡ്
- ആധാർ കാർഡ്
- ചെക്ക് ലീഫ്
നിങ്ങൾ ഒരു എൻ ആർ ഐ (നോൺ റെസിഡന്റ് ഇന്ത്യൻ) ആണെകിൽ മുകളിൽ പറഞ്ഞ രേഖകൾ കൂടാതെ നിങ്ങൾ താമസിയ്ക്കുന്ന രാജ്യത്തെ മേൽവിലാസത്തിൻറെ രേഖകളും എൻ ആർ ഐ അക്കൗണ്ടിന്റെ രേഖകളും നൽകണം
ഡീമാറ്റ് അക്കൗണ്ടിൽ ആണ് നിങ്ങൾ നിക്ഷേപിയ്ക്കുന്നതെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള രേഖകൾ
- പാൻ കാർഡ്
- ആധാർ കാർഡ്
- ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ
നിങ്ങൾ ഒരു എൻ ആർ ഐ ആണെങ്കിൽ മുകളിൽ പറഞ്ഞ രേഖകൾ കൂടാതെ പി എ എസ്സ് അക്കൗണ്ട് തുറന്നിരിയ്ക്കണം, ഇത് ട്രേഡിങ്ങ് അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കുകയും വേണം.
നികുതി തുക അഥവാ നിർത്തുമ്പോൾ ഉള്ള തുക
- 1 വർഷത്തിന് മുൻപ് നിക്ഷേപം അവസാനിപ്പിയ്ക്കുകയാണെങ്കിൽ കിട്ടുന്ന തുകയുടെ 1 % എക്സിറ്റ് ലോഡ് ആയി അടയ്ക്കേണ്ടി വരും
- 1 വർഷം പൂർത്തിയാവുന്നതിന് മുൻപ് വില്കുകയാണെങ്കിൽ ലഭിയ്ക്കുന്ന ലാഭത്തിന്റെ 15 % നികുതി അടയ്ക്കണം
- ഇ ടി എഫ് ആണെങ്കിൽ ലിക്വിഡിറ്റിയ്ക്ക് അനുസരിച്ചു വിൽക്കുകയോ വാങ്ങുകയോ ചെയ്യാം
- 1 വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ ലാഭത്തിന്റെ 10% നികുതി അടയ്ക്കണം. മൊത്തം തുകയിൽ നിന്ന് ആദ്യ 1 ലക്ഷം കിഴിച്ചു ബാക്കി വരുന്ന തുകയ്ക്ക് നികുതി അടയ്ക്കേണ്ടതാണ്
- എൻ ആർ ഐ കൾക്ക് നികുതിയിൽ ഇളവില്ല
ശരീഅത്ത് നിക്ഷേപങ്ങൾ എണ്ണത്തിൽ കുറവായതു കൊണ്ട് നിക്ഷേപ സാധ്യതകളും കുറവാണ്. അത് കൊണ്ട് തന്നെ വ്യക്തമായ പഠനത്തിന് ശേഷമേ അതിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാവൂ.