റിട്ടയർമെൻറ് സന്തോഷകരമാക്കാൻ ഇതാ 10 വഴികൾ
റിട്ടയർമെൻറ് പ്ലാനിംഗ് ക്രമാനുഗതമായി പിന്തുടരേണ്ട ഒരു പ്രക്രിയ ആണ്. റിട്ടയർ ചെയ്യേണ്ട പ്രായം നിശ്ചയിയ്ക്കലും അതിനു മുന്നേ നിറവേറ്റേണ്ട ലക്ഷ്യങ്ങൾ നിർണയിയ്ക്കുകയും മാത്രം ചെയ്യുന്ന ഒരു പ്രക്രിയ അല്ല അത്. റിട്ടയര്മെന്റിനു ശേഷമുള്ള ജീവിതച്ചിലവുകളെ കുറിച്ചുള്ള വിലയിരുത്തൽ, വരുമാന സ്രോതസ്സ് കണ്ടെത്തൽ, കൂടാതെ നിങ്ങളുടെ കുടുംബത്തെക്കുറിച്ചും ആശ്രിതരെ കുറിച്ചുമുള്ള ഗൗരവമായ പുനർവിചിന്തനം – ഇതെല്ലാം ചെയ്താലേ റിട്ടയർമെന്റ് പ്ലാനിംഗ് പൂർത്തിയാകൂ. ചിലർ നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർ ആണ്. എന്നാൽ ചിലരാകട്ടെ റിട്ടയർമെന്റ് പ്രായം എത്താൻ കാത്തിരിയ്ക്കുന്നവർ ആണ്. നിങ്ങളുടെ റിട്ടയര്മെന്റിനുള്ള പ്രായവും സമയവും എന്തുമാകട്ടെ, നിങ്ങൾ അത്യാവശ്യം ചെയ്യേണ്ട ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. ഇതിനു മുന്പായി നിങ്ങൾ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്
റിട്ടയർമെൻറ് പ്രായം തീരുമാനിയ്ക്കുക
റിട്ടയർമെൻറ് എപ്പോൾ വേണം എന്ന് തീരുമാനിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് തീരുമാനിച്ചാലേ നിങ്ങൾക്ക് ഉദ്യോഗത്തിൽ ബാക്കിയുള്ള വർഷങ്ങൾ എത്രയെന്നും അതിനു മുൻപേ കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ ഏതെന്നും തീരുമാനിയ്ക്കാനാവൂ.
റിട്ടയര്മെന്റിനു മുൻപും ശേഷവും നിറവേറ്റേണ്ട ലക്ഷ്യങ്ങൾ നിർണയിയ്ക്കുക.
റിട്ടയർമെന്റിനു മുൻപ് കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ തീരുമാനിയ്ക്കുക. ഇത് കുട്ടികളുടെ പഠിത്തം, വിവാഹം, വീട് പണി, കടം വീട്ടൽ എന്തുമാകാം. റിട്ടയര്മെന്റിനു മുൻപ് നിറവേറാൻ സാദ്ധ്യത ഇല്ലാത്ത ലക്ഷ്യങ്ങളും പരിശോധിയ്ക്കുക.
റിട്ടയര്മെന്റിനു ശേഷമുള്ള ചിലവ്
റിട്ടയര്മെന്റിനു ശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള ചിലവ് നിർണയിയ്ക്കുക. മാസച്ചിലവുകൾ കണക്കാക്കി റിട്ടയര്മെന്റിനു ശേഷമുള്ള വരുമാന സ്രോതസ്സ് കണ്ടെത്തുക. ജീവിതച്ചിലവിനുള്ള ഈ വരുമാന സ്രോതസ്സ് കണ്ടെത്തുക എന്നതായിരിയ്ക്കണം ഒരു ലക്‌ഷ്യം.
റിട്ടയർമെന്റിനു ശേഷം ഉള്ള വരുമാന സ്രോതസ്സ്
റിട്ടയർമെന്റിനു ശേഷം ഉള്ള വരുമാന സ്രോതസ്സ് കണക്കാക്കുക. ഇത് നിങ്ങളുടെ വീടിൻറെയോ സ്ഥലത്തിൻറെയോ വാടകയാകാം, ബിസിനെസ്സിൽ നിന്നുള്ള വരുമാനമാകാം, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വിഹിതമാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രതിമാസ, വാർഷിക വരുമാനം ആവാം.
നിങ്ങളുടെ കൈവശമുള്ള നിക്ഷേപങ്ങളുടെയും ആസ്തികളുടെയും മൂല്യനിർണയം നടത്തുക.
നിങ്ങളുടെ ആസ്തികളുടെയും നിക്ഷേപങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തുക. ചിലർ ഫിക്സഡ് ഡെപ്പോസിറ്റ്കളിൽ മാത്രം നിക്ഷേപിയ്ക്കുമ്പോൾ, ചിലർ യൂ ലിപ് പോളിസിയിലും മറ്റു ചിലർ മ്യൂച്വൽ ഫണ്ടിൽ തന്നെയുള്ള പല അക്കൗണ്ടുകളിലുമായി നിക്ഷേപം നടത്താറുണ്ട്. ഈ നിക്ഷേപങ്ങൾ എല്ലാം ഏകീകരിച്ചു യോജിപ്പിയ്ക്കുക. ഇവ നിങ്ങളുടെ റിസ്ക് പ്രൊഫൈലുമായും ആവശ്യങ്ങളുമായും ചേർന്ന് പോകുന്നതാണെന്നു ഉറപ്പ് വരുത്തുക.
പ്രതിമാസ നിക്ഷേപങ്ങൾ നടത്താമോ എന്ന് പരിശോധിയ്ക്കുക
ഇപ്പോൾ നിങ്ങളുടെ റിട്ടയർമെന്റ് സമയവും ഉദ്യോഗത്തിൽ എത്ര വര്ഷം ബാക്കിയുണ്ട് എന്നും മനസ്സിലായിട്ടുണ്ടാവുമല്ലോ. അതിനു യോജിച്ച രീതിയിലുള്ള ഒരു എസ് ഐ പി നിക്ഷേപം കണ്ടെത്തുക. ഇത് നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ടിലേയ്ക്കുള്ള നല്ലൊരു നീക്കിയിരിപ്പാവും.
ഇൻഷുറൻസ് ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക
നിങ്ങളുടെ റിസ്കിന് അനുസരിച്ചുള്ള ഒരു ഇൻഷുറൻസ് പോളിസിയും അതിനനുസൃതമായ തുകയ്ക്കുമാണ് എടുത്തിട്ടുള്ളതെന്ന് ഉറപ്പു വരുത്തുക. ഇതിലൂടെ കുടുംബനാഥന് മരണം സംഭവിയ്ക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക് ഒരു നിശ്ചിത തുക നഷ്ട്ടപരിഹാരവും സാമ്പത്തിക ഭദ്രതയും ലഭിയ്ക്കും.
റിട്ടയര്മെന്റിനു ശേഷം അടയ്‌ക്കേണ്ട നികുതി തുക പരിശോധിയ്ക്കുക
റിട്ടയര്മെന്റിനു ശേഷവും നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്‌ക്കേണ്ടി വരും. അടയ്‌ക്കേണ്ട തുകയെ പറ്റി കൃത്യമായി കണക്കികൂട്ടി വെയ്ക്കുക. റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ ഈ തുകയും കണക്കിലെടുക്കേണ്ടി വരും.
ഒരു വിൽപ്പത്രം തയ്യാറാക്കുക
നിങ്ങളുടെ ആസ്തികളും അവ കൈമാറുന്ന ആളുടെ പേരും വ്യക്തമാക്കി ഒരു വിൽപ്പത്രം തയ്യാറാക്കുക. ഒരു വക്കീലിൻറെ സഹായത്തോടെ അത് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് അത് കിട്ടാതെ വരും. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും ഷെയർ കളിലും നോമിനിയുടെ പേര് എഴുതിയാലും അത് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരു കേസ് മതി വസ്തു കൈമാറ്റം ചെയ്യുന്നത് തടയാൻ. അതിനാൽ തന്നെ റജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യം ആണ്.
വ്യക്തതയോടെ നടപ്പാക്കുന്ന ഒരു പ്ലാൻ നിങ്ങളുടെ റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം സുഗമമാക്കും.