ഫിനാൻഷ്യൽ ഫ്രീഡം അഥവാ സാമ്പത്തിക സ്വാതന്ത്ര്യം സ്വപ്നം കാണാത്തവർ ഉണ്ടാവില്ല. അനാകർഷകമായ തൊഴിലുകളിൽ പോലും ആളുകൾ ഏർപ്പെടുന്നത് എന്തു കൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നത് കൊണ്ടാണ്. സന്തോഷകരമായ ഒരു വിശ്രമ ജീവിതം ആഗ്രഹിക്കുന്നത് കൊണ്ടാണ് കരിയറിന്റെ തുടക്കത്തിലേ സുഖകരമായ ഒരു റിട്ടയര്മെന്റിനു വേണ്ടി പലരും മുന്നൊരുക്കങ്ങൾ നടത്തുന്നത്. എന്നാൽ റിട്ടയർമെന്റ് അല്ല സാമ്പത്തിക സ്വാതന്ത്ര്യം ആകണം ലക്‌ഷ്യം വെയ്‌ക്കേണ്ടത്. ഇവിടെ നമ്മൾ സംസാരിക്കാൻ പോകുന്നത് ഇതെങ്ങിനെ കൈവരിയ്ക്കാമെന്നും അല്ലെങ്കിൽ എങ്ങിനെ വേഗത്തിൽ അതിലേക്ക് എത്തിച്ചേരാം എന്നുമാണ്.
നമുക്ക് ജീവിതശൈലീ ചിലവുകളും അത്യാവശ്യ ചിലവുകളും ഉണ്ടാകും. ഇതിനാവശ്യമായ മതിയായ പണം നമ്മുടെ ആസ്‌തികളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ സാമ്പത്തിക സ്വാതന്ത്ര്യം കൈ വരിച്ചു എന്നാണ്. ഇവിടെ ശ്രദ്ധിയ്‌ക്കേണ്ട കാര്യം എന്തെന്നാൽ ഒന്നുകിൽ നമ്മുടെ സ്ഥിര ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം ജീവിത ചിലവുകളേക്കാൾ കൂടുതൽ ആയിരിക്കണം. അതല്ലെങ്കിൽ ബാങ്ക് നിക്ഷേപത്തിന്റെ രൂപത്തിലോ മറ്റേതെങ്കിലും രീതിയിലോ നമ്മുടെ കയ്യിലുള്ള സമ്പാദ്യം ചിലവുകളേക്കാൾ കൂടുതൽ ആയിരിക്കണം. എങ്കിൽ നമുക്ക് ജോലിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടി വരില്ല.
മിക്ക ആളുകളും ആശ്രയിക്കുന്നത് തങ്ങളുടെ ജോലിയിൽ നിന്നോ ബിസിനെസ്സിൽ നിന്നോ കിട്ടുന്ന വരുമാനത്തെ ആണ്. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച നിഷ്ക്രിയ ആസ്തികളിൽ നിന്ന് വരുമാനം ലഭിയ്ക്കുന്നണ്ടെങ്കിൽ മാനസിക പിരിമുറുക്കം ഇല്ലാത്ത ഒരു ജീവിതം നയിയ്ക്കാം. നിഷ്ക്രിയ വരുമാനം കൈവരിയ്ക്കാൻ ഉള്ള ചില മാർഗങ്ങൾ ഇതാ:
- നിങ്ങൾ വാങ്ങിയ വീട്, സ്ഥലം എന്നിവയിൽ നിന്നുള്ള വാടക
- നിങ്ങൾ അപ്ലോഡ് ചെയ്ത യൂട്യൂബ് വീഡിയോയിൽ നിന്നുള്ള വരുമാനം.
- നിങ്ങൾ എഴുതിയ ഒരു പുസ്തകത്തിൽ നിന്നും കിട്ടുന്ന റോയലിറ്റി
- സ്റ്റോക്കിലോ മ്യൂച്വൽ ഫണ്ടിലോ ഉള്ള നിക്ഷേപങ്ങളിൽ നിന്ന് കിട്ടുന്ന ആദായം
- ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം
- നിങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിന്റെ ഒരു ഫ്രാൻഞ്ചൈസിയിൽ നിന്ന് കിട്ടുന്ന വരുമാനം
സ്ഥിര ജോലിയിൽ നിന്നായാലും നിഷ്ക്രിയ ആസ്തികളിൽ നിന്നായാലും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നതിൽ ഓരോ തവണയും ശ്രദ്ധ ചെലുത്തുമ്പോൾ നിങ്ങൾ ചുവടു വെയ്ക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ആണ്. ചുരുക്കത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ റിട്ടയർമെന്റ് വരെ കാത്തിരിക്കണമെന്നില്ല എന്നർത്ഥം.