നിക്ഷേപിയ്ക്കുമ്പോൾ സംഭവിയ്ക്കുന്ന അഞ്ച് തെറ്റുകൾ
തെറ്റുകൾ സംഭവിയ്ക്കുന്നത് മനുഷ്യസഹജമാണ്. തെറ്റുകളിൽ നിന്നും അബദ്ധങ്ങളിൽ നിന്നുമാണ് നമ്മൾ പല തന്ത്രങ്ങളും പഠിയ്ക്കുന്നത്. നിക്ഷേപവും ഇതിന് ഒരു അപവാദമല്ല. നിങ്ങൾ ഒരു പരിചയസമ്പന്നനോ തുടക്കക്കാരനോ ആരുമാകട്ടെ, ഒരു നിക്ഷേപകന് തെറ്റുകൾ സംഭവിയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇൻഷുറൻസ്, വായ്പ, വിരമിയ്ക്കൽ ജീവിതം ആസൂത്രണം ചെയ്യുക തുടങ്ങി വ്യക്തിപരമായ നിക്ഷേപങ്ങളുടെ കാര്യത്തിൽ പലപ്പോഴും രണ്ടാമതൊരു അവസരം ലഭിച്ചെന്ന് വരില്ല. മാത്രമല്ല ചെറിയൊരു തെറ്റിന് തന്നെ വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
അപ്രായോഗികമായ പ്രതീക്ഷകൾ
ഏറെ അനുഭവ സമ്പത്തുള്ള, പല തരം നിക്ഷേപങ്ങളിൽ തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള നിക്ഷേപകർക്ക് പോലും തങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ആദായത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്ന പ്രതീക്ഷകൾ അല്ല ഉള്ളത്. പലരും ഒരു വർഷത്തിൽ നിക്ഷേപത്തിൻറെ ഇരട്ടി ആദായമോ 50 ശതമാനം വർദ്ധനവൊ പ്രതീക്ഷിയ്ക്കും. ഏതു തരം നിക്ഷേപമാകട്ടെ, 12 അല്ലെങ്കിൽ 15 ശതമാനം വർദ്ധനവ് നിങ്ങളുടെ ആദായത്തിൽ പ്രതീക്ഷിയ്ക്കുന്നത് തെറ്റാണ്. ആദായത്തിൻറെ കാര്യത്തിൽ ഒരു യാഥാസ്ഥിതിക മനോഭാവം പുലർത്തുന്നതാണ് നല്ലത്.
റിസ്ക് അവഗണിച്ച് ആദായത്തിന് പ്രാധാന്യം നൽകുന്നു
ഭൂരിഭാഗം നിക്ഷേപകരും നിക്ഷേപത്തിൽ അടങ്ങിയിരിയ്ക്കുന്ന റിസ്കുകളെ കുറിച്ച് ചിന്തിയ്ക്കാതെ ആദായത്തെ കുറിച്ച് മാത്രം ചിന്തിയ്ക്കുന്നു എന്നത് മറ്റൊരു തെറ്റ്. ദേശസാൽകൃത ബാങ്കുകളേക്കാൾ 1 അല്ലെങ്കിൽ 2 ശതമാനം പലിശ കൂടുതൽ ലഭിയ്ക്കുന്നു എന്നതിൻറെ പേരിൽ വിശ്വാസയോഗ്യമല്ലാത്ത ചിട്ടികളിലും സാമ്പത്തിക അടിത്തറയില്ലാത്ത കോപ്പറേറ്റീവ് ബാങ്കുകളിലും നിക്ഷേപിയ്ക്കുന്നു. ഇത്തരം നിക്ഷേപങ്ങളിൽ അടങ്ങിയിരിയ്ക്കുന്ന റിസ്ക് സൗകര്യപൂർവ്വം അവഗണിയ്ക്കുന്നു. ആദായം മാത്രമല്ല ഓരോ നിക്ഷേപങ്ങളിലും അടങ്ങിയിരിയ്ക്കുന്ന റിസ്ക് എന്ന ഘടകവും പരിഗണിച്ചു വേണം അതിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാൻ.
നിക്ഷേപങ്ങളിലെ വൈവിധ്യത്തെ അവഗണിയ്ക്കുക
പലരും നിക്ഷേപങ്ങളിൽ വൈവിധ്യം കൊണ്ട് വരുന്നതിൻറെ പേരിൽ ഇക്വിറ്റി യിലും ഡീമാറ്റ് അക്കൗണ്ടിലും നിക്ഷേപിയ്ക്കും. ഇത് ശരിയല്ല, കാരണം രണ്ടും ഒരേ അസറ്റ് ക്ലാസ്സിൽ പെട്ടവയാണ്. മാത്രമല്ല, ഈ രണ്ടിലും ആദായം ലഭിയ്ക്കുന്നത് വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസൃതമായിട്ടാണ്. പല അസറ്റ് ക്ലാസുകൾ തിരഞ്ഞെടുത്ത് അതിൽ നിക്ഷേപിയ്ക്കുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്. ഉദാഹരണത്തിന് ഇക്വിറ്റി, ഭൂസ്വത്ത്, സ്ഥിര നിക്ഷേപം, സ്വർണം എന്നിവയിൽ നിക്ഷേപിയ്ക്കുക വഴി നിക്ഷേപത്തിൽ വൈവിധ്യം കൊണ്ട് വരാം.
ലക്ഷ്യങ്ങൾ ഇല്ലാതെ നിക്ഷേപം
വ്യക്തമായ ഒരു ലക്ഷ്യമില്ലാതെ നിക്ഷേപിയ്ക്കുക എന്ന തെറ്റ് പല നിക്ഷേപകരും ചെയ്യുന്ന ഒന്നാണ്. നിക്ഷേപിയ്ക്കാൻ വേണ്ടി നിക്ഷേപിയ്ക്കുന്നവരാണ് ഭൂരിഭാഗവും. കുട്ടികളുടെ പഠിത്തം, വിവാഹം, വീട് പണി എന്നിങ്ങനെ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് നിക്ഷേപിച്ചാൽ അവ കൂടുതൽ ഫലപ്രദമാവും. കൃത്യമായ ഒരു ലക്‌ഷ്യം മുന്നിലുണ്ടെങ്കിലേ എന്ത് ചെയ്യണമെന്നതിൽ നിക്ഷേപകന് ബോധ്യമുണ്ടാകൂ.
അവലോകനം ചെയ്യാതിരിയ്ക്കുക
നിക്ഷേപങ്ങളെ പുനരവലോകനം ചെയ്യാതിരിയ്ക്കുക എന്നത് പല നിക്ഷേപകരും അവർത്തിയ്ക്കുന്ന തെറ്റാണ്. മൂന്ന് മാസത്തിൽ ഒരിയ്ക്കൽ അവ പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. അവ നിങ്ങളുടെ ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്നുണ്ടോ എന്നും നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയ്ക്ക് യോജിച്ചതാണോ എന്നും പരിശോധിയ്‌ക്കേണ്ടതാണ്. നിക്ഷേപിയ്ക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിരിയ്ക്കുന്ന അസറ്റ് ക്ലാസ് നിങ്ങളുടെ നിലവിലെ സ്ഥിതിയ്ക്ക് യോജിച്ചതാണോ എന്ന് വിശകലനം ചെയ്യുക. ലക്ഷ്യത്തിൽ എത്താൻ വേണ്ട സമയവും ഇതേ നിക്ഷേപം ഇതേ രീതിയിൽ തുടർന്ന് പോയാൽ ലക്ഷ്യത്തിൽ എത്താൻ എത്ര സമയമെടുക്കും എന്നും പരിശോധിയ്ക്കുക.
ചുരുക്കത്തിൽ ഏതു അനുഭവ സമ്പത്തുള്ള നിക്ഷേപകനും വരുത്തുന്ന ഇത്തരം തെറ്റുകൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ ചില മാർഗ്ഗങ്ങൾ തേടുക
- ഒരു ലക്‌ഷ്യം കണ്ടെത്തി അതിനനുസരിച്ച് നിക്ഷേപിയ്ക്കുക
- ലക്‌ഷ്യം കണ്ടെത്തി കഴിഞ്ഞാൽ ഒരു മാർഗ്ഗ രേഖ തയ്യാറാക്കുക
- നിക്ഷേപങ്ങൾ മൂന്ന് മാസത്തിൽ ഒരിയ്ക്കൽ പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക
നിക്ഷേപിയ്ക്കാൻ വേണ്ടി നിക്ഷേപിയ്ക്കുന്നത് തിരിച്ചടിച്ചേക്കാം. അതിനാൽ വ്യക്തമായ ഒരു ലക്‌ഷ്യം കണ്ടെത്തി അതിനനുസൃതമായി നിക്ഷേപിയ്ക്കുക. ഇത് മികച്ച ആദായം ഉറപ്പ് വരുത്തും. ഇത് നിങ്ങളെ ബുദ്ധിമാനായ ഒരു നിക്ഷേപകൻ ആക്കുന്നു.