ഡെബ്റ്റോ ബോണ്ടോ
നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു പരിപാടി ആണ്. ഒരു ചെറിയ തെറ്റ് മതി പരാജയങ്ങൾക്ക് കരണമാവാൻ. അത് കൊണ്ട് തന്നെ വിവിധ നിക്ഷേപ സാദ്ധ്യതകളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ആളുകൾക്കിടയിൽ മ്യൂച്ച്വൽ ഫണ്ടുകളെ കുറിച്ച് ഏറെ അവബോധം ഇന്നുണ്ട്. എന്നാൽ നിങ്ങളുടെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഇക്വിറ്റിയിലാണോ ഡിബഞ്ചറിലാണോ നിക്ഷേപിയ്ക്കുന്നത് എന്ന് എത്ര പേർക്കറിയാം. ഇവിടെ നമ്മൾ സംസാരിയ്ക്കാൻ പോകുന്നത് ഡിബഞ്ചറിനെ കുറിച്ചും ഇക്വിറ്റിയിൽ നിന്ന് അതിനുള്ള വ്യത്യാസത്തെ കുറിച്ചുമാണ്.
ഇക്വിറ്റിയും ഡിബഞ്ചറും
ഗവണ്മെന്റ് ആയാലും കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആയാലും രണ്ട് രീതിയിലാണ് നിക്ഷേപങ്ങൾക്ക് സ്രോതസ്സ് കണ്ടെത്തുന്നത്. ഇതിലെ ആദ്യത്തെ രീതി ഇക്വിറ്റി ആണ്. ഇതിൽ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം ഷെയറിലൂടെ നിക്ഷേപകർക്ക് കൈമാറുന്നു. ഇതിൻറെ അനന്തര ഫലം എന്തെന്നാൽ സ്ഥാപനം നഷ്ടത്തിലായാൽ നിക്ഷേപകർക്ക് നഷ്ടം സംഭവിയ്ക്കുന്നു. മറിച്ച് സ്ഥാപനം ലാഭത്തിലായാൽ നിക്ഷേപകന് ലാഭം ഉണ്ടാകുന്നു. രണ്ടാമത്തെ രീതി ഡിബഞ്ചർ ആണ്. നേരത്തെ നിശ്ചയിച്ച നിരക്കിൽ ഡിബഞ്ചർ അഥവാ കടപ്പത്രങ്ങൾ നൽകുക. ഈ നിരക്കിന് കൂപ്പൺ എന്ന് പറയുന്നു. ഉദാഹരണത്തിന് ഒരു നിക്ഷേപകൻ 10 ശതമാനം നിരക്കിൽ സ്ഥാപനത്തിൽ നിന്ന് ഡിബഞ്ചർ വാങ്ങിയെന്ന് വെയ്ക്കുക. സ്ഥാപനം നഷ്ടത്തിലാണെങ്കിലും ലാഭത്തിലാണെങ്കിലും വർഷം 10 ശതമാനം നിരക്കിൽ നിക്ഷേപകന് പലിശ നല്കാൻ സ്ഥാപനത്തിന് ബാധ്യത ഉണ്ട്. ഇക്വിറ്റിയിൽ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം നിക്ഷേപകരിൽ ആണെങ്കിൽ ഡിബഞ്ചറിൽ നേരത്തെ നിശ്ചയിച്ച പലിശ നിരക്കിൽ കടപ്പത്രം നൽകുന്നു. ഇക്വിറ്റിയിൽ ലാഭനഷ്ടങ്ങൾ ഒരു പോലെ സഹിയ്ക്കാൻ നിക്ഷേപകർക്ക് ബാധ്യത ഉണ്ടെങ്കിൽ ഡിബഞ്ചറിൽ നിക്ഷേപകന് നിശ്ചിത നിരക്കിൽ ആദായം ലഭിയ്ക്കും. സ്ഥാപനം ലാഭത്തിലോ നഷ്ടത്തിലോ എന്നത് ഈ ആദായത്തെ ബാധിയ്ക്കില്ല.
ഡിബഞ്ചർ റേറ്റിംഗ്
ഒരു ഡിബഞ്ചറിൽ നിക്ഷേപിയ്ക്കണോ വേണ്ടയോ എന്ന് മനസ്സിലാക്കുന്നത് എങ്ങിനെ എന്നത് പലരെയും കുഴയ്ക്കുന്ന ചോദ്യമാണ്. എല്ലാ ഡിബഞ്ചറിനും റേറ്റിംഗ് ഏജൻസി ഒരു റേറ്റിങ് നല്കും. ഈ റേറ്റിംഗ് നല്കുന്നത് സ്ഥാപനത്തിൻറെ കടം തിരിച്ചടക്കാനുള്ള പ്രാപ്തിയുടെയും ജനപ്രീതിയുടെയും അടിസ്ഥാനത്തിലാണ്. നല്ല റേറ്റിംഗ് ഉള്ളതും വിശ്വസനീയവുമായ ഡിബഞ്ചറിൽ നിക്ഷേപിയ്ക്കുക.
റിസ്ക് സാധ്യത
ഇക്വിറ്റിയായാലും ഡിബഞ്ചറിലായാലും റിസ്ക് സാദ്ധ്യതയുണ്ട്. സ്ഥാപനം ലാഭത്തിലാണെങ്കിൽ ഇക്വിറ്റി ഹോൾഡർ നേട്ടമുണ്ടാകും, മറിച്ച് നഷ്ടം വന്നാൽ സഹിയ്ക്കാനും ബാദ്ധ്യസ്ഥരാണ്. ലാഭമായാലും നഷ്ടമായാലും ഇക്വിറ്റിയിൽ പരിധിയില്ല. ഡിബഞ്ചറിൽ സ്ഥാപനം നഷ്ടത്തിലായാലും ലാഭത്തിലായാലും പലിശ നല്കാൻ ബാദ്ധ്യസ്ഥരാണ് സ്ഥാപനം. കൃത്യമായി ഒരു വരുമാനം ആഗ്രഹിയ്ക്കുന്നവർക്ക് ഡിബഞ്ചറാണ് നല്ലത്.
ഓർത്തിരിയ്ക്കേണ്ടത്:
- നല്ല റേറ്റിംഗ് ഉള്ളതും വിശ്വസിക്കത്തക്കതുമായ ഡിബഞ്ചറിൽ നിക്ഷേപിയ്ക്കുക.
- സ്ഥാപനത്തിന് കടം വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ, നിക്ഷേപകൻ നഷ്ടത്തിലാകും. സുരക്ഷിതമായ ഗവണ്മെന്റ് ബോണ്ടുകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
- നല്ല മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിയ്ക്കുന്നത് നല്ല ആദായം ഉറപ്പാക്കും.
ഇക്വിറ്റി ആയാലും ഡിബഞ്ചർ ആയാലും നിക്ഷേപങ്ങളിൽ എന്നും റിസ്ക് സാദ്ധ്യത ഉണ്ട്. രണ്ടിന്റെയും ഗുണവും ദോഷവും വ്യക്തമായി മനസ്സിലാക്കുന്നത് ഉചിതമായ ഒരു തീരുമാനം എടുക്കാൻ നിക്ഷേപകരെ സഹായിയ്ക്കും.