ക്രെഡിറ്റ് കാർഡ് ഒരു കെണിയൊ ലാഭമോ
ക്രെഡിറ്റ് കാർഡ് ഒരു സുഹൃത്തോ അതോ ശത്രുവോ എന്നത് ഇന്നും തർക്കവിഷയമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗത്തെ കുറിച്ച് ആളുകൾക്കിടയിൽ പൊതുവെ സമ്മിശ്ര പ്രതികരണമാണ്. ചിലർ അത് ഇനി ഒരിയ്ക്കലും ഉപയോഗിയ്ക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു. മറ്റു ചിലർക്ക് അത് ആവശ്യത്തിന് ഉപകരിച്ച സുഹൃത്താണ്. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻറെ ഗുണദോഷങ്ങളെ കുറിച്ചും, അതിൽ അടങ്ങിയിരിയ്ക്കുന്ന അപകട സാധ്യതകളെ കുറിച്ചുമാണ്.
ഗുണങ്ങൾ
കടം വാങ്ങാൻ എളുപ്പം
പണം ആവശ്യം വരുന്ന അടിയന്തിര ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉണ്ടാകുന്നത് നല്ലതാണ്. പൂജ്യം ശതമാനത്തിൽ വായ്പ്പയെടുക്കാം. വായ്‌പ്പാ തുക തിരിച്ചടയ്ക്കാൻ 50 ദിവസം ഉള്ളത് കൊണ്ട് തിരിച്ചടവിന് ഇഷ്ടം പോലെ സമയവും കിട്ടും.
പ്രോത്സാഹന സമ്മാനങ്ങൾ
ചില ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ റിവാർഡ് പോയിന്റുകളായും ക്യാഷ് ബാക്കുകളായും ധാരാളം പ്രോത്സാഹന സമ്മാനങ്ങൾ ലഭിയ്ക്കും. ചില ഉൽപ്പന്നങ്ങളിൽ 5 ശതമാനം ക്യാഷ് ബാക്കും ലഭിയ്ക്കും.
ചെലവുകൾ രേഖപ്പെടുത്തുന്നു
ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിയ്ക്കുന്നവർക്ക് ക്രെഡിറ്റ് കാർഡിനെ പോലെ ഒരു നല്ല സുഹൃത്ത് വേറെ ഇല്ല. നിങ്ങൾ ചെലവാക്കുന്ന ഓരോ പൈസയുടെയും കണക്ക് അത് സൂക്ഷിയ്ക്കുന്നത് കൊണ്ട് പണം ചെലവാകുന്ന വഴി കാണിച്ചു തരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചെലവിൻറെ കാര്യത്തിൽ എവിടെ നിർത്തണമെന്ന് കാണിച്ചു തരുന്നു.
ദോഷങ്ങൾ
ഉയർന്ന പലിശ നിരക്ക്
ക്രെഡിറ്റ് കാർഡിൻറെ മാസം തോറുമുള്ള തിരിച്ചടയ്ക്കൽ തിയ്യതി തെറ്റിയ്ക്കാൻ ഇട വരരുത്, കാരണം ഉയർന്ന പലിശ നിങ്ങളുടെ സാമ്പത്തികനില വീണ്ടും അസ്ഥിരപ്പെടുത്തും. മിക്ക ബാങ്കുകളും കുടിശിക തുകയുടെ 2 – 4 ശതമാനം പലിശയാണ് മാസം തോറും ഈടാക്കുന്നത്. അതായത് ഉപഭോക്താവ് തുകയുടെ 24 ശതമാനം ഒരു വർഷം അടയ്‌ക്കേണ്ടി വരും. ഒരു നിശ്ചിത തുക അടച്ചാൽ പലിശ ഒഴിവാക്കാം എന്ന ആളുകളുടെ ധാരണ തെറ്റാണ്. ബാക്കിയുള്ള തുകയ്ക്ക് പലിശ ഈടാക്കുക തന്നെ ചെയ്യും.
ധന വിനിയോഗം വർദ്ധിപ്പിയ്ക്കുന്നു
ക്രെഡിറ്റ് കാർഡ് കൈവശമുള്ള ഒരാൾക്ക് പണമായി കയ്യിലില്ലെങ്കിലും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ഒരു ഉൽപ്പന്നം വാങ്ങാനാവും. അത് കൊണ്ട് തന്നെ ആളുകൾ പരിധിയ്ക്കപ്പുറം ചെലവഴിയ്ക്കാൻ സാധ്യതയുണ്ട്. ഈ കെണിയിൽ വീഴാതെ ശ്രദ്ധിയ്ക്കുക, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിയ്ക്കുക.
പുറമേയ്ക്ക് സ്പഷ്ടമല്ലാത്ത നിരക്കുകൾ
നിരക്കുകൾ ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ നൽകി ബാങ്കുകൾ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അത്തരം കാർഡുകൾ ആദ്യത്തെ വർഷം മാത്രമാകും സൗജന്യം. പിന്നീടുള്ള വർഷങ്ങളിൽ ആനുവൽ മെയിന്റനൻസ് ചാർജ് തുടങ്ങി പല തരം നിരക്കുകളാവും നിങ്ങളെ സ്വാഗതം ചെയ്യുക. അതിനാൽ ഒരു ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപ് അതിനോടനുബന്ധമായ തുകകളെ കുറിച്ച് സ്വയം ബോധവാന്മാരാകുക.
ക്രെഡിറ്റ് കാർഡ് ബുദ്ധിപൂർവ്വം ഉപയോഗിയ്ക്കേണ്ടതാണ്. ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഭംഗിയായി നിർവ്വഹിയ്ക്കാനും അത്യാവശ്യ സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ചെലവുകൾക്കും സഹായിയ്ക്കും.