ഒരു വിദേശ സ്ഥാപനത്തിൻറെ ഉയർച്ച എങ്ങനെ പ്രയോജനപ്പെടുത്താം
വിദേശ നിക്ഷേപമാണ് നിക്ഷേപകരുടെ പുതിയ സൂത്രവാക്യം. ഒരു ഇൻഡ്യൻ പൗരന് ഫേസ്ബുക്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ എന്നീ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിക്ഷേപിയ്ക്കണമെങ്കിൽ അവരെ അതിന് സഹായിയ്ക്കുന്ന ബ്രോക്കർമാർ ഏറെയുണ്ട്. ഇതിൽ ഏതിലെങ്കിലും ഒരു ബ്രോക്കിങ് സ്ഥാപനത്തിൽ അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് വിദേശ വിപണിയിലെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ്. പക്ഷെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു വിദേശ സ്ഥാപനത്തെ കുറിച്ച് അന്വേഷിയ്ക്കുന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. എന്നാൽ ആശങ്കപ്പെടേണ്ട. അതിനാണ് മ്യൂച്വൽ ഫണ്ടുകൾ ഉള്ളത്. വാല്യു റിസർച്ച് പോലുള്ള വെബ്സൈറ്റുകളിൽ തിരഞ്ഞാൽ വിവിധ ഫണ്ടുകളും അവയിലെ സ്കീമുകളും ലഭ്യമാകും.
എന്ത് കൊണ്ട് വിദേശ വിപണി
അവസരം: വിദേശ വിപണി നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ബഹുരാഷ്ട്ര സ്ഥാപനങ്ങളായ ആപ്പിൾ, സാംസങ്, മൈക്രോസോഫ്റ്റ് എന്നിവയിൽ നിക്ഷേപിയ്ക്കാനുള്ള അവസരമാണ്.
ഡോളർ: ഡോളറിൽ നിക്ഷേപിയ്ക്കുമ്പോൾ അതിൻറെ മൂല്യത്തിൽ ഉണ്ടാകുന്ന ഉയർച്ച ഗുണം ചെയ്യും. അമേരിക്കയിലുള്ള ഒരു സ്ഥാപനത്തിൽ നിക്ഷേപിയ്ക്കുമ്പോൾ സ്ഥാപനത്തിൻറെയും കറൻസിയുടെയും ഉയർച്ച നിക്ഷേപത്തിന് ഗുണകരമാവും
വലിയ തുക: നിങ്ങളുടെ കൈവശം വലിയ ഒരു തുക ഉണ്ടെങ്കിൽ അത് നിക്ഷേപിയ്ക്കുമ്പോൾ ഉള്ള റിസ്ക് അഥവാ അപകട സാധ്യത എന്തിന് ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തണം. വിദേശ നിക്ഷേപം കൂടെ ഉൾപ്പെടുമ്പോഴാണ് നിങ്ങളുടെ പോർട്ട്ഫോളിയോ കൂടുതൽ വൈവിധ്യമാകുന്നത്.
നിർദേശങ്ങൾ
- മ്യൂച്ച്വൽ ഫണ്ടിലെ നിങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുക. ഉദാഹരണത്തിന് നിങ്ങൾ ഒരു 50,000 രൂപ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കുകയാണെങ്കിൽ ആ തുകയുടെ 10 ശതമാനം, അതായത് 5000 രൂപ വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുക.
- നിങ്ങളുടെ നിക്ഷേപ തുക ചെറുതാണെങ്കിൽ വിദേശ വിപണി ഒഴിവാക്കുക
- ഇന്ത്യൻ വിപണിയിൽ 50 തൊട്ട് 75 ശതമാനവും വിദേശ വിപണിയിൽ 25 ശതമാനവും ഓഹരിയുള്ള ഫണ്ടുകൾ ധാരാളമുണ്ട്.
- നിക്ഷേപത്തിൻറെ ഉദ്ദേശ്യം, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ വ്യക്തമായി മനസിലാക്കുക. ഇത് ഫണ്ടിൻറെ തിരഞ്ഞെടുപ്പിൽ സഹായിയ്ക്കും.
സമൂഹമാധ്യമത്തിലുള്ള തങ്ങളുടെ സാന്നിധ്യം കൊണ്ട് ഫേസ്ബുക്, ഗൂഗിൾ, ട്വിറ്റർ എന്നിവയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിയ്ക്കുന്നവരാണ് ഇന്ത്യക്കാർ. നമ്മൾ എന്തിന് ഇവയുടെ വളർച്ച കൃത്യമായി ഉപയോഗിച്ച് പണമുണ്ടാക്കുന്നതിൽ നിന്നും മാറി നിൽക്കണം.