ഒരു നിക്ഷേപകൻ എന്തെല്ലാം ശ്രദ്ധിയ്ക്കണം
നിക്ഷേപകർ, പുതുതായി ഈ മേഖലയിലേയ്ക്ക് ഇറങ്ങിയവരോ ഏറെ കാലമായി ഇവിടെയുള്ളവരോ ആരുമാകട്ടെ, നിങ്ങൾ നിക്ഷേപം എന്ന ഉദ്യമത്തിന് ഇറങ്ങിത്തിരിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങൾ:
നിക്ഷേപം എന്നത് ഒരു മനുഷ്യൻറെ ധന സമ്പാദനത്തിലെ പ്രധാനപ്പെട്ട ഒരു കാൽ വെയ്പ്പ് ആണ്. എന്നാൽ നിക്ഷേപകൻറെ കുപ്പായം എടുത്തണിയുന്നതിന് മുൻപ് ശ്രദ്ധ ചെലുത്തേണ്ടതും കൃത്യമായി നിരീക്ഷിയ്ക്കേണ്ടതുമായ ചില ഘടകങ്ങളുണ്ട്. കാരണം, ഇതിനായി എടുക്കുന്ന പ്രയത്നം പാഴായി പോകാതിരിയ്ക്കാൻ ഇത് അത്യാവശ്യമാണ്.
നിക്ഷേപിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങൾ ഇതാ
- നിക്ഷേപങ്ങൾ കൃത്യമായി നിരീക്ഷിയ്ക്കുക
ഒരിയ്‌ക്കൽ നിക്ഷേപിച്ചാൽ നിക്ഷേപത്തിൻറെ മൂല്യം കൃത്യമായ ഇടവേളകളിൽ നിരീക്ഷിയ്ക്കുക. നിക്ഷേപിയ്ക്കുമ്പോൾ സമർപ്പിച്ച രേഖകൾ പരിശോധിയ്ക്കുക. ഈ രേഖകളിൽ എന്തെങ്കിലും മാറ്റം വരുത്താനോ പുതുക്കാനോ ഉണ്ടെങ്കിൽ, അത് ചെയ്യുക. ഇങ്ങിനെ ചെയ്താൽ ഭാവിയിൽ ആശയവിനിമയം കൂടുതൽ സുഗമമായിരിയ്ക്കും.
- നിങ്ങൾ ശരിയായ നോമിനിയെയാണോ തിരഞ്ഞെടുത്തിരിയ്ക്കുന്നത് എന്ന് പരിശോധിയ്ക്കുക.
ഉദാഹരണത്തിന് നിങ്ങൾ നിക്ഷേപം തുടങ്ങിയ സാഹചര്യം പരിശോധിയ്ക്കുക, അന്ന് നിങ്ങൾ വിവാഹിതൻ ആയിരിയ്ക്കില്ല, അതിനാൽ തന്നെ നിങ്ങൾക്ക് ഒരു നോമിനി ഉണ്ടായിരിയ്ക്കില്ല. അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ ആയിരിക്കാം നോമിനി. എന്നാൽ പിന്നീട് നിങ്ങൾ വിവാഹം കഴിയ്ക്കുകയും നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുടെ നിക്ഷേപങ്ങളെ ആശ്രയിച്ചു കഴിയുകയും ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ നോമിനിയുടെ പേര് മാറ്റുകയോ പരിഷ്കരിയ്ക്കുകയോ ചെയ്യുന്നതാണ് ഉചിതം.
- നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് കുടുംബത്തെ അറിയിയ്ക്കുക
നിങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നടത്താനുള്ള ശ്രമത്തിലാണെങ്കിൽ അതെ കുറിച്ച് കുടുംബത്തെ അറിയിയ്ക്കുക. നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവർ പൂർണ്ണമായി അറിഞ്ഞിരിയ്ക്കണം. അവർക്കത് ഒരിയ്ക്കലും ഒരു അത്ഭുതം ആയിരിയ്ക്കരുത്. നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ അവർ സാമ്പത്തികമായി നിരാശ്രയരും നിരാലംബരും ആകുന്ന ഒരു അവസ്ഥ വരരുത്. പുതു തലമുറയിലെ പലരും നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സ്വീകരിയ്ക്കുന്നതും സൂക്ഷിയ്ക്കുന്നതും ഇന്റെർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആണ്. ഇത് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെങ്കിലും, നിക്ഷേപത്തിൻറെ ഉദ്ദേശ്യം സാധൂകരിയ്ക്കണമെങ്കിൽ, നിങ്ങളുടെ ഫോൺ, ഈമെയിൽ തുടങ്ങിയവയുടെ പാസ്സ്‌വേർഡ്, മറ്റു വിവരങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് കൈമാറണം. എങ്കിലേ നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ അവർക്കത് ഉപകാരപ്പെടൂ.
- ഒരു വിൽപത്രം തയ്യാറാക്കുക
ഒരു മനുഷ്യന് ഭൂസ്വത്ത്, കെട്ടിടങ്ങൾ, സ്ഥാവരവസ്‌തുക്കള്‍, ഷെയറുകൾ, മ്യൂച്ച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി പല നിക്ഷേപങ്ങളും ഉണ്ടാകാം. നിങ്ങളുടെ കാല ശേഷം നിങ്ങളുടെ സ്വത്തുക്കൾ ആർക്ക് കൈമാറുമെന്നതിനെ സംബന്ധിച്ചു ഒരു പിന്തുടർച്ചാവകാശ രേഖ അല്ലെങ്കിൽ വിൽപത്രം തയ്യാറാക്കേണ്ടതാണ്.
- വിൽപ്പത്രം പുതുക്കുക
നിങ്ങളുടെ നാല്പതാം വയസ്സിലാണ് വിൽപത്രം തയ്യാറാക്കിയതെങ്കിൽ വിശ്രമ ജീവിത ഘട്ടമാകുമ്പോഴേയ്ക്കും ജീവിതത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. കാരണം, കാല ക്രമേണ നിങ്ങൾ കൂടുതൽ സമ്പാദിച്ചിട്ടുണ്ടാകാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൻറെ എണ്ണവും കനവും വിൽപ്പത്രം തയ്യാറാക്കിയ കാലത്തെ അപേക്ഷിച്ചു കനം കൂടുതലായിരിയ്ക്കും. അത് കൊണ്ട് നേരത്തെ എഴുതി തയ്യാറാക്കിയ വിൽപത്രം ആണെങ്കിൽ പിന്നീട് വേണ്ട വിധം പുതുക്കി തിരുത്തിയെഴുതുക.
- എല്ലാ നിക്ഷേപങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കുക
നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും ഇൻഷുറൻസുകളും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിയ്ക്കും. എന്നാൽ കാലക്രമേണ അതിൽ മാറ്റം വന്നിട്ടുണ്ടാകാം. നിങ്ങൾ തീരെ ഉപയോഗിയ്ക്കാത്ത ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം, ചിലത് പുതുതായി തുടങ്ങിയിട്ടുമുണ്ടാകാം. നിലവിൽ ഉപയോഗിയ്ക്കാത്ത അക്കൗണ്ടുകൾ കണ്ടെത്തി ഇൻഷുറൻസ്, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളിൽ വേണ്ട തിരുത്തൽ വരുത്തേണ്ടതാണ്.
- നിങ്ങളുടെ മേൽവിലാസം മാറുന്നതിന് അനുസരിച്ചു പുതുക്കുക
പെട്ടെന്നുള്ള ജോലിമാറ്റങ്ങൾ ഇന്നിൻറെ പ്രത്യേകതയാണ്. ഓരോ ജോലി മാറ്റത്തിന്റെയും അതുമായി ബന്ധപെട്ടു വരുന്ന സ്ഥലം മാറ്റത്തിന്റെയും വിവരങ്ങൾ അപ്പപ്പോൾ നിക്ഷേപ സ്ഥാപനങ്ങളെ അറിയിയ്ക്കണം. കൃത്യമായ മേൽവിലാസം നല്കിയില്ലെങ്കിൽ അവർക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വരും. കൂടാതെ, നിങ്ങളുടെ ഈമെയിൽ അഡ്രസ്സിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതും പ്രസ്തുത സ്ഥാപനത്തെ അറിയിയ്ക്കണം. ഇത് കൃത്യമായ ആശയ വിനിമയം ഉറപ്പ് വരുത്തും.
ഇത് വായിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാവും, കൃത്യമായ വിവരങ്ങൾ കൈമാറുക, രേഖകളിലും, മേൽവിലാസത്തിലും വരുന്ന മാറ്റത്തിന് അനുസരിച്ച് പുതുക്കിയ വിവരങ്ങൾ നൽകുക, സുതാര്യത ഉറപ്പ് വരുത്തുക എന്നിവ ഒരു നിക്ഷേപ നടപടി ക്രമത്തിലെ പ്രധാന ഘടകങ്ങളാണ്. ഇത് ഫലവത്തായ ഒരു ധന സമ്പാദനം ഉറപ്പ് വരുത്തും.