Blog Malayalam

എന്താണ് ഇക്വിറ്റി

ഇന്ന് ഏറെ ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ. പരസ്യങ്ങളിലൂടെയും മറ്റും മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ച് ആളുകളിൽ ഏറെ അവബോധമുണ്ട്. എന്നാൽ ഇതിൽ വലിയൊരു ഭാഗം ഇക്വിറ്റിയിലാണ് നിക്ഷേപിയ്ക്കുന്നത് എന്ന് എത്ര പേർക്കറിയാം. ഇത് ഇക്വിറ്റിയെ കുറിച്ച് കൃത്യമായ ഒരു അവബോധം ആളുകളിൽ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ആണ് കാണിയ്ക്കുന്നത്. ഇക്വിറ്റിയിൽ നിക്ഷേപിയ്ക്കുന്നവർക്ക് പോലും ഒരു ഉല്പന്നം എന്ന നിലയിൽ അതിനെ കുറിച്ച് വ്യക്തമായ ധാരണ കുറവാണ്. അതിനാൽ നമുക്ക് ഇവിടെ ഇക്വിറ്റിയെ കുറിച്ച് പ്രതിപാദിയ്ക്കാം.

ഇക്വിറ്റി എന്നാൽ ഉടമസ്ഥാവകാശം

ഇക്വിറ്റി എന്നാൽ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആണ്. ഏതു സ്ഥാപനത്തിനും ഒന്നിൽ കൂടുതൽ ഷെയറുകൾ ഉണ്ടാകാം. ഇതിൽ ഒരു ഷെയറിനെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആയി കണക്കാക്കാം. ഉദാഹരണത്തിന് x എന്നും y എന്നും പേരുള്ള രണ്ട് പേർ ഒരു ലക്ഷത്തിന്റെ ഷെയർ ക്യാപിറ്റലുമായി ഒരു സ്ഥാപനം രജിസ്റ്റർ ചെയുന്നു. ഇതിൽ രണ്ട് പേരും 50,000 വീതം തങ്ങളുടെ ഓഹരിയായി നൽകുന്നു. ക്രമേണ സ്ഥാപനം അഭിവൃദ്ധിപ്പെട്ടപ്പോൾ ലാഭം ഷെയർ ക്യാപിറ്റലിനേക്കാൾ കൂടുതൽ ആകുന്നു.  ലാഭ തുക കൊണ്ട് മാത്രം സ്ഥാപനം കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുന്നു. ഈ സമയത്ത് z എന്ന പേരിൽ ഉള്ള ഒരു നിക്ഷേപകൻ സ്ഥാപനത്തിൽ നിക്ഷേപിയ്ക്കാൻ താല്പര്യം പ്രകടിപ്പിയ്ക്കുന്നു. x ഉം y ഉം ചേർന്ന് ഒരു വിദഗ്ധന്റെ സഹായത്തോടെ സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നു. ഇവിടെ അവർ സ്ഥാപനത്തിന്റെ സൽപ്പേർ, ഇക്കഴിഞ്ഞ വർഷങ്ങളിലെ അവരുടെ അദ്ധ്വാനം എന്നിവ കൂടി കണക്കിലെടുത്ത് മൂല്യം 1 കോടി എന്ന് നിശ്ചയിയ്ക്കുന്നു. ഇതനുസരിച്ച്‌ z 33 ലക്ഷം നിക്ഷേപിച്ച് പങ്കാളി ആകുന്നു. ഈ നിക്ഷേപ തുക സ്ഥാപനത്തിന്റെ വിപുലീകരണത്തിന് ഉപയോഗിയ്ക്കുകയോ x നും y യ്ക്കും തമ്മിൽ പങ്കിട്ടെടുക്കുകയോ ആവാം.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്തെന്നാൽ തുടക്കത്തിൽ 1 ലക്ഷം ഉണ്ടായിരുന്ന ഷെയറിന്റെ മൂല്യം സ്ഥാപനം വികസിച്ചതിന് ശേഷം 1 കോടി ആയി. ഒരു പങ്കാളിയുടെ ഷെയർ അന്ന് 50,000 ആയിരുന്നുവെങ്കിൽ ഇന്നത് 33 ലക്ഷം ആയിരിയ്ക്കുന്നു.

ഷെയർ മാർക്കറ്റ് എത്രത്തോളം റിസ്കി ആണ്

ഷെയർ മാർക്കറ്റിൽ റിസ്ക് തീർച്ചയായും ഉണ്ട്. ഒരു സ്ഥാപനത്തിന്റെ പ്രകടനം അതിന്റെ ഓഹരി മൂല്യത്തിൽ പ്രതിഫലിയ്ക്കും. ഒരു സ്ഥാപനത്തിന്റെ ഓഹരിയ്ക്ക് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് എത്രത്തോളം ആവശ്യം ഉയരുന്നു എന്നതും സ്ഥാപനത്തിന്റെ മൂല്യത്തെ ബാധിയ്ക്കും. ഒരു സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ആ സ്ഥാപനത്തിന്റെ ലാഭ സാധ്യത ഒരു നിക്ഷേപകൻ പരിശോധിയ്ക്കും. സ്ഥാപനത്തെ കുറിച്ചുള്ള ഒരു നല്ല വാർത്ത മതി ഓഹരിയുടെ മൂല്യം വർദ്ധിയ്ക്കാൻ.  മറിച്ച്‌ ഒരു മോശം ഘട്ടമോ ദുർഭരണമോ ഓഹരിയുടെ മൂല്യം കുത്തനെ താഴ്ത്തുകയും ചെയ്യും.

മുകളിൽ പറഞ്ഞത് പോലെ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആണ് ഇക്വിറ്റി. നിക്ഷേപ സമയത്ത് തുക കുറവായിരിയ്ക്കാം. സ്ഥാപനം വികസിയ്ക്കുകയും ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതിനനുസരിച്ച്‌ അതിന് ഒന്നിലധികം ഓഹരി ഉടമകൾ ഉണ്ടാകാം. ഇത് സ്വാഭാവികമായും സ്ഥാപനത്തിന്റെ ഓഹരിയുടെ മൂല്യം വർദ്ധിപ്പിക്കുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഓഹരികൾ കയറി ഇറങ്ങി നില്ക്കുന്നത് അതിനാലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *