എന്താണ് ഇൻഷുറൻസ്
ഒരു മനുഷ്യൻറെ ജീവിതം, മരണം, ശാരീരിക വൈകല്യങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവ മൂലം ഏറെ അനിശ്ചിതത്വം നിറഞ്ഞതാണ്. ഈ അപകട സാദ്ധ്യത അഥവാ റിസ്ക് ഒരു സ്ഥാപനത്തിന് കൈമാറ്റം ചെയ്യുന്നതിനെയാണ് ഇൻഷുറൻസ് എന്ന് പറയുന്നത്. ഇൻഷുറൻസിനെ ഒരു നിക്ഷേപമായി കാണുന്ന ആളുകളുണ്ട്, അത് ശരിയല്ല. പോളിസി എടുത്തയാളുടെ ആകസ്മിക മരണം, അല്ലെങ്കിൽ അയാളുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംഭവിയ്ക്കുന്ന നാശം എന്നിവയ്ക്കെതിരെ ഉള്ള ഒരു സംരക്ഷണം ആണ് ഇൻഷുറൻസ്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയം തുകയ്ക്കനുസരിച്ച് ജീവനോ സ്വത്തിനോ ഉണ്ടാകുന്ന നാശം വഹിയ്ക്കാൻ ഇൻഷുറൻസ് സ്ഥാപനം തയ്യാറാകുന്നു. ആകസ്മികമായി സംഭവിയ്ക്കുന്ന അപകടം മൂലം കുടുംബം അനുഭവിയ്ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കര കയറാൻ സഹായിയ്ക്കുക എന്നതാണ് ഇൻഷുറൻസ് കൊണ്ടുള്ള പ്രധാന ഉദ്ദേശം.
മുകളിൽ പറഞ്ഞ ഉദ്ദേശത്തെ സാധൂകരിയ്ക്കാൻ, മോട്ടോർ ഇൻഷുറൻസ് ഉദാഹരണമായി എടുക്കാം. ഒരു അപകടത്തിൻറെ ഫലമായി നിങ്ങളുടെ വാഹനത്തിന് സംഭവിയ്ക്കുന്ന കേടുപാടുകൾ നിങ്ങളിൽ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഇല്ലാതാക്കുക എന്നതാണ് മോട്ടോർ ഇൻഷുറസിൻറെ ലക്ഷ്യം. മോട്ടോർ ഇൻഷുറൻസ് നിങ്ങളുടെ വാഹനത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു. വാഹനാപകടം നടക്കുമ്പോൾ വാഹനം നന്നാക്കാനാവശ്യമായ പണം നല്കാൻ ഇൻഷുറൻസ് സ്ഥാപനം ബാദ്ധ്യസ്ഥരാണ്. ലൈഫ് ഇൻഷുറൻസിലും ഇത് തന്നെ സ്ഥിതി.
ഒരാൾ ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ എടുക്കേണ്ടത് അത്യാവശ്യമാണ്.
ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസിൽ മനുഷ്യജീവനാണ് ഇൻഷുർ ചെയ്തിരിയ്ക്കുന്നത്. പോളിസി എടുത്തയാൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ, അപകടം നേരിട്ട കുടുംബത്തിന് ഒരു വലിയ തുക ഇൻഷുറൻസായി ലഭിയ്ക്കും. ഇത് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ അവരെ സഹായിയ്ക്കും. ഉദാഹരണത്തിന് ഒരു കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായ ഒരാൾക്ക് മരണം സംഭവിച്ചു എന്ന് കരുതുക, ആ കുടുംബത്തിന് അടിയന്തിരമായി പണം ആവശ്യം വന്നാൽ ഈ ഇൻഷുറൻസ് തുക അവരെ സഹായിയ്ക്കും.
മെഡിക്കൽ എമർജൻസി
ഒരാളുടെ വൈദ്യശാസ്ത്രപരമായ അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിയ്ക്കുന്നതാണ് മെഡിക്കൽ ഇൻഷുറൻസ്. ഇത്തരം ഘട്ടങ്ങളിൽ പ്രീമിയം തുകയ്ക്കനുസരിച്ച് പോളിസി എടുത്തയാളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ഇൻഷുറൻസ് സ്ഥാപനം നല്കുന്നു.
മുകളിൽ പറഞ്ഞത് പോലെ ഒരു മനുഷ്യൻറെ ജീവനും സ്വത്തിനും ലഭിയ്ക്കുന്ന സംരക്ഷണം ആണ് ഇൻഷുറൻസ്. എന്നാൽ നികുതി ആസൂത്രണത്തിൻറെ ഭാഗമായാണ് മിക്ക ആളുകളും ഇൻഷുറൻസ് പോളിസി എടുക്കുന്നത്. മതിയായ പഠനമോ തയ്യാറെടുപ്പുകളോ ഇല്ലാതെ പലരും തങ്ങൾക്ക് അനുയോജ്യമല്ലാത്ത പോളിസികളിൽ ചേരുന്നു. ഒരു പോളിസി എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ജീവിതത്തിലെ അപകട സാദ്ധ്യതകൾ അഥവാ റിസ്ക് ആളുകൾ തിരിച്ചറിയണം. അവ കൃത്യമായി വിലയിരുത്തി അതിനനുസൃതമായി വേണം ഇൻഷുറൻസ് എടുക്കേണ്ടത്. എങ്കിലേ ഇൻഷുറൻസ് എന്ന പ്രക്രിയ കൊണ്ടുള്ള ലക്ഷ്യം പൂർണമാകൂ.